തിരുവനന്തപുരം: 1000, 500 രൂപ നോട്ട് അസാധുവാക്കയതിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂന്‍ കൂട്ടി കണ്ട് ശമ്പള വിതരണ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ട്രഷറികൾ തോറും തോമസ് ഐസക്ക് നടത്തിവരുന്ന ‘റോഡ് ഷോ’ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വീഴ്ച പറ്റിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരമൊരു സന്ദര്‍ഭം വരുമെന്ന് കണക്കുകൂട്ടി പ്രവര്‍ത്തിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാന്‍ തമിഴ്‌നാടും ആന്ധ്രയും റിസര്‍വ് ബാങ്കിനോട് നേരത്തെ തന്നെ പണം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അവിടെയെല്ലാം ഇപ്പോള്‍ കേരളം നേരിടുന്ന പ്രതിസന്ധി ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൂടാതെ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നതിനായി സര്‍ക്കാര്‍ ഉടന്‍ തന്നെ ദുരന്തനിവാരണ പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.


സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച രമേശ് ചെത്തിത്തല സംസ്ഥാനത്തെ റേഷന്‍ വിതരണവും താറുമാറായിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. പുതിയ കാര്‍ഡ് വിതരണം ചെയ്യുകയോ റേഷന്‍ കടകളില്‍ അരിയെത്തിക്കുകയോ ചെയ്യുന്നില്ല. സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടഞ്ഞുകിടിക്കുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ റേഷന്‍ വിതരണം ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.