തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ ഏഴ് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഡെങ്കിപ്പനി കേസുകള്‍ കൂടി നില്‍ക്കുന്ന ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മറ്റ് ജില്ലകളും ജാഗ്രത പുലര്‍ത്തണം. എല്ലാ ജില്ലകളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തണം. തുടര്‍ച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓരോ ജില്ലകളും ആക്ഷന്‍ പ്ലാനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇത് കൃത്യമായി വിലയിരുത്തുകയും വേണം. വാര്‍ഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി ഇതിന് വിനിയോഗിക്കണം. സംസ്ഥാനതലത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം. വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകളെ ജില്ലാ ആരോഗ്യ വിഭാഗം ഫലപ്രദമായി ഉപയോഗിക്കണം. ആവശ്യമായ ഹൈ റിസ്‌ക് പ്രദേശങ്ങളില്‍ ഡിവിസി യൂണിറ്റുകളെ വിന്യസിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അതത് സ്ഥലങ്ങളില്‍ നിന്നു തന്നെ നല്‍കേണ്ടതാണ്. ആഴ്ചയിലുള്ള റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലകളുടെ സ്ഥിതി വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി.


ALSO READ: Dry Skin Causes: ഈ വിറ്റാമിനുകളുടെ കുറവ് ചർമ്മ പ്രശ്നങ്ങളിലേക്ക് നയിക്കും


നീണ്ടുനില്‍ക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ച് സങ്കീര്‍ണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാല്‍ പനി ബാധിച്ചാല്‍ മറ്റ് പകര്‍ച്ചപ്പനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിന് അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലെ ട്രേയിലെയും വെള്ളം ആഴ്ച തോറും മാറ്റണം.


അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ബ്ലോക്കായ ഓടകള്‍, വീടിനകത്തെ ചെടികള്‍, വെള്ളത്തിന്റെ ടാങ്കുകള്‍, ഹാര്‍ഡ് വെയര്‍ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകള്‍, പഴയ വാഹനങ്ങള്‍ എന്നിവയും ശ്രദ്ധിക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫോഗിംഗ് ശാസ്ത്രീയമാക്കണം. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശം നൽകി. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.