തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം നടന്നത് സ്ഥിരീകരിച്ചതിന് പിന്നാലെ ഏകദേശം ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നട അടച്ച് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശുദ്ധിക്രിയ നടത്തിയതിന് 15 ദിവസത്തിനകം തന്ത്രി മറുപടി നല്‍കണം. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷമാണ് പ്രസിഡന്‍റിന്‍റെ പ്രതികരണം. തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എ. പത്മകുമാര്‍ ഉയര്‍ത്തിയത്. 


ശുദ്ധിക്രിയ ചെയ്ത തന്ത്രിയുടെ നിലപാട് സുപ്രീം കോടതി വിധിയുടെ അന്തഃസത്തയ്ക്ക് ചേരാത്ത നടപടിയാണ്. ഇത് കോടതി അലക്ഷ്യമാണ്. ഇക്കാര്യം വിശദമാക്കി ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തന്ത്രിയുടെ മറുപടി കേട്ടതിന് ശേഷം ബാക്കി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധി അനുസരിക്കാന്‍ ബോര്‍ഡിന് ബാധ്യസ്ഥതയുണ്ട്. അത് അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യൂ എന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 


ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് യുവതികള്‍ ദര്‍ശനം നടത്തിയത്. പുലര്‍ച്ചെ മൂന്നുമണിക്ക് ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്തെത്തുകയും 3:45ന് പൊലീസിന്‍റെ സംരക്ഷണയില്‍ ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.  


യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതോടെ ശുദ്ധിക്രിയ വേണമെന്ന് തന്ത്രിയും മേല്‍ശാന്തിയും തീരുമാനിച്ചതോടെയാണ് പരിഹാരക്രിയ നടന്നത്. ശുദ്ധിക്രിയയ്ക്കുള്ള നടപടികള്‍ക്കായി പത്തരയ്ക്കാണ് നട അടച്ചത്. തന്ത്രി കണ്‌ഠരര് രാജീവരരുടെ നേതൃത്വത്തിലാണ് ശുദ്ധിക്രിയകള്‍ പൂര്‍ത്തിയാക്കിയത്. പഞ്ച പുണ്യാഹം, ബിംബ ശുദ്ധിക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം, വിളിച്ചു ചൊല്ലി പ്രായശ്ചിത്തം എന്നിവയ്ക്ക് ശേഷമാണ് നട തുറന്നത്. ഒരു മണിക്കൂര്‍ നീണ്ടുനിന്നിരുന്നു ശുദ്ധിക്രിയ. 


പരിഹാര ക്രിയ നടന്ന സമയത്ത് സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റിയിരുന്നു. തന്ത്രിയും മേൽശാന്തിയുമാണ് തീരുമാനം എടുത്തതെന്നും ഇക്കാര്യത്തിൽ ബോര്‍ഡിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് അന്ന് തന്നെ വിശദമാക്കിയിരുന്നു.