ടോമിൻ ജെ തച്ചങ്കരിയെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡി സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനം മനുഷ്യാവകാശ കമ്മീഷനിൽ
ആദ്യമായാണ് ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ മനുഷ്യാവകാശ കമ്മീഷനിൽ എത്തുന്നത്
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡി സ്ഥാനത്ത് നിന്ന് ടോമിൻ ജെ തച്ചങ്കരിയെ മാറ്റി. മനുഷ്യാവകാശ കമ്മീഷനിലാണ് പുതിയ നിയമനം. ആദ്യമായാണ് ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ മനുഷ്യാവകാശ കമ്മീഷനിൽ എത്തുന്നത്. ആഭ്യന്തര സെക്രട്ടറിയായിരുന്ന സജ്ജയ് കൗളിനെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയായി നിയമിച്ചു.
ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ) ആയാണ് മനുഷ്യാവകാശ കമ്മീഷനിൽ നിയമനം നൽകിയിരിക്കുന്നത്. ഒരു വർഷമാണ് നിയമന കാലാവധിയെന്നാണ് ഉത്തരവിൽ പറയുന്നത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന സൂചനകൾ നിലനിൽക്കേയാണ് പുതിയ നിയമനം. വിജിലൻസ് ഡയറക്ടറുടേതിന് സമാനമായ പുതിയ തസ്തിക സൃഷ്ടിച്ചാണ് തച്ചങ്കരിക്ക് നിയമനം നൽകിയിരിക്കുന്നത്.
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് തന്നെ മാറ്റണമെന്ന് തച്ചങ്കരി സർക്കാരിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്നാണ് വിവരം. ഷർമിള മേരിയെ പുതിയ കായിക സെക്രട്ടറിയായി നിയമിച്ചു. ബി അശോകിനെ വീണ്ടും ഊർജ വകുപ്പ് സെക്രട്ടറിയാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...