`ഇനി ക്യൂ നിൽക്കണ്ട, അപ്പോയ്‌മെന്റും ഒപിയും എളുപ്പം എടുക്കാം’; 509 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം
283 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്ന് മന്ത്രി വീണ ജോർജ്.
തിരുവന്തപുരം: സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 509ല്‍ 283 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറല്‍ ആശുപത്രികള്‍, 73 താലൂക്ക് ആശുപത്രികള്‍, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 380 പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 1 പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് സംവിധനം നടപ്പിലാക്കിയിട്ടുള്ളത്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ഈ പദ്ധതിയിലൂടെ ഒരു രോഗി ആശുപത്രിലെത്തി മടങ്ങുന്നതുവരെയുള്ള എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓണ്‍ലൈനായി ചെയ്യാന്‍ കഴിയും. ഓണ്‍ലൈനായി വീട്ടിലിരുന്നും നിങ്ങൾക്ക് ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റെും എടുക്കാൻ സാധിക്കും.
ഇതുവരെ 3.04 കോടി രജിസ്‌ട്രേഷനുകളാണ് ഇ ഹെല്‍ത്ത് വഴി നടന്നിട്ടുള്ളത്. 32.40 ലക്ഷം (10.64 ശതമാനം) പെര്‍മെനന്റ് യുഎച്ച്‌ഐഡി രജിസ്‌ട്രേഷനും 2.72 കോടി (89.36 ശതമാനം) താത്ക്കാലിക രജിസ്‌ട്രേഷനും നടത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ഒരു ലക്ഷത്തോളം പേര്‍ അഡ്വാന്‍സ്ഡ് അപ്പോയ്‌മെന്റും ഇ ഹെൽത്തിലൂടെ എടുത്തിട്ടുണ്ട്. ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങൾക്കായി ആദ്യം തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...