Kerala Assembly Election 2021: കള്ള വോട്ട് നടന്നിട്ടുണ്ടോ എന്ന പരിശോധന കൂടുതൽ ജില്ലകളിലേക്ക്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
തിരുവനന്തപുരം: ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് (Identity Card) നൽകിയെന്ന പരാതിയിൽ കൂടുതൽ ജില്ലകളിൽ പരിശോധന നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരു ചേർക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടായോയെന്ന് വിശദമായി പരിശോധിച്ച് മാർച്ച് 20 നകം റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്.
കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തിരഞ്ഞെടുപ്പ് (Kerala Assembly Election 2021) ഉദ്യോഗസ്ഥരോടാണ് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്. കണ്ണൂർ, കൂത്തുപറമ്പ്, കൽപ്പറ്റ, തവനൂർ, പട്ടാമ്പി, ചാലക്കുടി, പെരുമ്പാവൂർ, ഉടുമ്പൻചോല, വൈക്കം, അടൂർ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.'
കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം (Trivandrum) ജില്ലകളിൽ പരിശോധന നടത്താൻ ബുധനാഴ്ച നിർദ്ദേശം നൽകിയിരുന്നു. അരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.അതേസമയം പ്രതിപക്ഷ നേതാവിൻറെ പരാതിയിൽ തെളിവ് പരിശോധിച്ച ശേഷം മാത്രമായിരിക്കും നടപടി. ബോധ പൂർവ്വം ഇത്തരമൊരു ശ്രമമുണ്ടായി എന്ന് കണ്ടെത്തിയാൽ കർശനമായ നടപടികളുണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.
അതേസമയം സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി വെള്ളിയാഴ്ചയോടെ പൂർത്തിയായി.നാളെ മുതൽ സൂക്ഷ്മ പരിശോധന നടത്തും. വിവിധ മണ്ഡലങ്ങളിലായി ഇന്നലെവരെ 750 പേരാണ് പത്രിക സമർപ്പിച്ചത് എന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥികൾക്ക് പട്ടിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ചവരെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...