ബിനീഷ് കോടിയേരിയെ ED ഇന്നും ചോദ്യം ചെയ്യും; സന്ദര്‍ശന അനുമതി തേടി സഹോദരന്‍ ഹൈക്കോടതിയിലേക്ക്
ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ (Bineesh Kodiyeri) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
ബെംഗളുരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ (Bineesh Kodiyeri) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
ഇന്നലെ 12 മണിക്കൂറിലേറെ ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകളെ കുറിച്ചും ഇതിന്‍റെ ഉറവിടവുമാണ് ED അന്വേഷിക്കുന്നത്. വിത്സന്‍ ഗാര്‍ഡന്‍ സ്റ്റേഷനില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ സോണല്‍ ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുക.
അതേസമയം, സഹോദരനെ കാണാനുള്ള അനുമതി തേടി ബിനീഷിന്‍റെ സഹോദരന്‍ ബിനോയ് കോടിയേരി (Binoy Kodiyeri) ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിനീഷിനെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും അനുമതി നല്‍കണമെന്നാണ് ആവശ്യം.
വെള്ളിയാഴ്ച ബിനീഷിനെ കാണാന്‍ ബിനോയിയും അഭിഭാഷകരും ED ഓഫീസിലെത്തിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെത്തി ഹര്‍ജി നല്‍കി ബിനീഷിനെ കാണാന്‍ അനുമതി തേടാനുള്ള ശ്രമം ബിനോയിയും അഭിഭാഷകരും വെള്ളിയാഴ്ച രാത്രിയോടെ നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. തുടര്‍ന്നാണ് ഇന്ന് ഹൈക്കൊടതിയെ സമീപിക്കുന്നത്.
Also read: ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റു ചെയ്തു
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് ബിനീഷ് കോടിയേരിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ആണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മയക്കുമരുന്ന് കേസില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ നാര്‍ക്കോട്ടിക് വകുപ്പുകളും ബിനീഷിനെതിരെ ചുമത്തപ്പെട്ടേക്കും. നിലവിലെ സാഹചര്യത്തില്‍, കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ബിനീഷ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.