Ramesh Chennithala : സർക്കാരിന്റെ ഭരണഘടന ലംഘനങ്ങൾക്കും സ്വജന പക്ഷ പാതത്തിനും എതിരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല
കെ എസ് യു പ്രവർത്തകനായി പ്രവർത്തനം ആരംഭിച്ച കാലം മുതൽ തന്നെ നിരവധി വിഷയങ്ങളിൽ ഇടപെടുകയും കഴിയാവുന്ന വിധത്തിൽ അവയെ പൊതുസമൂഹത്തിനും പാർട്ടിക്കും ഗുണകരമാകുന്ന രീതിയിൽ പരിഹരിക്കുന്നതിനും ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Thiruvananthapuram : സർക്കാരിന്റെ ഭരണഘടന ലംഘനങ്ങൾക്കും സ്വജന പക്ഷ പാതത്തിനും എതിരെ നടത്തുന്ന പോരാട്ടം ഇനിയും തുടരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കെ എസ് യു പ്രവർത്തകനായി പ്രവർത്തനം ആരംഭിച്ച കാലം മുതൽ തന്നെ നിരവധി വിഷയങ്ങളിൽ ഇടപെടുകയും കഴിയാവുന്ന വിധത്തിൽ അവയെ പൊതുസമൂഹത്തിനും പാർട്ടിക്കും ഗുണകരമാകുന്ന രീതിയിൽ പരിഹരിക്കുന്നതിനും ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ നിക്ഷിപ്ത താല്പര്യക്കാർ അസത്യം പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. ഭരണകൂടം നടത്തുന്ന അഴിമതി പൊതു സമൂഹത്തെ അറിയിക്കേണ്ടത് തൻറെ കടമയാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു. നിഷിപ്ത താല്പര്യക്കാരുടെ അസത്യ പ്രചാരണത്തെ തള്ളിപ്പറഞ്ഞുകൊണ്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നൽകിയ പിന്തുണ ഏറെ സന്തോഷം പകരുന്നതും, നിലപാടുകളിലൂടെ മുന്നോട്ടു പോകുന്നത്തിന് കരുത്ത് പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
Ksu പ്രവർത്തകനായി ജീവിതം തുടങ്ങിയ ഞാൻ നാളിതുവരെ നിരവധി വിഷയങ്ങളിൽ ഇടപെടുകയും കഴിയാവുന്ന വിധത്തിൽ അവയെ പൊതുസമൂഹത്തിനും പാർട്ടിക്കും ഗുണകരമാകുന്ന രീതിയിൽ പരിഹരിക്കുന്നതിനും ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. സമൂഹത്തിൻറെ വിവിധ തലങ്ങളിലുള്ള സാധാരണക്കാരും ആശയറ്റവരും അശരണരുമായയാളുകൾ എൻറെ മുമ്പിൽ കൊണ്ടുവരുന്ന വിഷയം നീതിയുക്തമായി അധികാര വർഗ്ഗത്തിൻ്റ മുമ്പിൽ എത്തിക്കേണ്ടത് കർത്തവ്യമായാണ് കരുതുന്നത്.
ഭരണകൂടത്തിൻ്റ ഇടനാഴികളിൽ നടക്കുന്ന അഴിമതിയുടെ നീക്കങ്ങൾ ജനാധിപത്യത്തിലെ യജമാനന്മാരായ പൊതു സമൂഹത്തെ അറിയിക്കുകയേന്നത് എൻറെ കടമയുമാണ്. രാഷ്ട്രീയത്തിൽ അഴിമതിയും സ്വജനപക്ഷപാതവും അഴിഞ്ഞാടുമ്പോൾ അവയെ നോക്കി മിണ്ടാതിരിക്കാൻ ആത്മാഭിമാനമുള്ള പൊതുപ്രവർത്തകനെന്ന നിലക്ക് എനിക്ക് കഴിയില്ല. വർഗീയ ഫാസിസ്റ്റ് ശക്തികളോട് സന്ധി ചെയ്തു മുന്നോട്ടുപോകാനുള്ള അധാർമികതയും സ്വായത്തമാക്കാൻ ആഗ്രഹിക്കാത്തത് കൊണ്ട് എൻറെ ജീവനുള്ള കാലത്തോളം അതിനെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടം തുടരും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ എൻറെ പ്രസ്ഥാനം നിരവധി അവസരങ്ങളും സാധ്യതകളും നൽകിയിട്ടുണ്ട് അവയൊക്കെ നൂറുശതമാനം ആത്മാർഥതയോടെ സത്യസന്ധതയോടെ യാതൊരുവിധ ആരോപണങ്ങളും കേൾപ്പിക്കാതെ പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്ന ബോധ്യമാണ് മുന്നോട്ടുള്ള യാത്രയിൽ എൻറെ ശക്തി.
പല ഘട്ടത്തിലുള്ള പ്രവർത്തനങ്ങളിൽ മാധ്യമപ്രവർത്തകരുടെയും, സഹപ്രവർത്തകരുടെയും, പാർട്ടി നേതാക്കന്മാരുടെയും പിന്തുണ യാത്രയ്ക്ക് താങ്ങായിരുന്നു. സങ്കുചിത താല്പര്യക്കാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി സത്യത്തിൻറെ കണികപോലുമില്ലാത്ത വാർത്ത നൽകുമ്പോൾ മാധ്യമ സുഹൃത്തുക്കൾ അസ്ഥിരപ്പെടുത്താൻ നോക്കുന്നത് അഴിമതി, സ്വജനപക്ഷപാത വിരുദ്ധ പോരാട്ടത്തെയാണെന്ന് ഓർമ്മിപ്പിക്കുന്നുവെന്ന് മാത്രം. സംഘടിത സൈബർ ആക്രമണങ്ങൾക്ക് മുമ്പിൽ പതറാത്ത ചഞ്ചലപെടാത്ത എന്നെ ഇതുപോലെ ഏതാനും മിനിറ്റുകളുടെ ആയുസ്സ് പോലുമില്ലാത്ത വാർത്തകൾ അലോസരപ്പെടുത്തുകയില്ലയെന്ന വസ്തുത നിങ്ങളിൽ പലർക്കും അറിവുള്ളതാണ്. പുതുതലമുറയിൽ വ്യാപിക്കുന്ന അരാഷ്ട്രീയ വാദത്തെ ഊട്ടിയുറപ്പിക്കുന്ന വിധത്തിൽ പ്രചരണം നടത്തുന്നത് ഭൂഷണമാണോയെന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണം.
ALSO READ: ഫെബ്രുവരി 21 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്; ഹാജർ നിർബന്ധം, വൈകുന്നേരം വരെ ക്ലാസുകൾ
ഭരണകൂടത്തിൻ്റ ഭരണഘടനാ വിരുദ്ധമായ എല്ലാ നീക്കങ്ങൾക്കെതിരെയും, സത്യ പ്രതിജ്ഞ ലംഘനങ്ങൾക്കെതിരെയും, അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയുമുള്ള പോരാട്ടത്തിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ ആരാലുമാവില്ല. അധ്വാനവർഗത്തിൻറെ പിന്തള്ളപ്പെട്ടവരുടെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി ജനപക്ഷത്ത് നിന്നുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.
ഈ യാത്രയിൽ എൻറെ പാർട്ടി നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണ്. നിഷിപ്ത താല്പര്യക്കാരുടെ അസത്യ പ്രചാരണത്തെ തള്ളിപ്പറഞ്ഞുകൊണ്ട് കെപിസിസി പ്രസിഡണ്ട് k സുധാകരൻ നൽകിയ പിന്തുണ ഏറെ സന്തോഷം പകരുന്നതും, നിലപാടുകളിലൂടെ മുന്നോട്ടുപോകുന്നതിന്നും കരുത്ത് പകരുന്നതാണ്.
പൊതുസമൂഹത്തോട്.... നിങ്ങളുടെ നികുതിപ്പണം സംഘടിതമായി കൊള്ളയടിക്കുവാൻ ഭരണകൂടം ശ്രമിക്കുമ്പോൾ ഒത്തുതീർപ്പുകൾക്ക് നിൽക്കാതെ നിങ്ങൾക്ക് വേണ്ടി ഞാനുണ്ടാവും മുമ്പിൽ, കോൺഗ്രസുണ്ടാവും മുൻപിൽ.
ജയ് ഹിന്ദ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...