Palakkad : മലമ്പുഴയിൽ ട്രക്കിങിനിടെ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തിൽ അഗ്നി രക്ഷാ വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് പാലക്കാട് ജില്ലാ അഗ്നിരക്ഷ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഫയർ ആന്റ് റെസ്ക്യൂ ഡയറക്ടറാണ് നോട്ടീസ് നൽകിയത്.
യുവാവ് മലയിൽ കുടുങ്ങിയ വിവരം ലഭിച്ചിട്ടും, ദൃശ്യങ്ങൾ പ്രചരിച്ചിട്ടും രക്ഷാപ്രവർത്തനത്തിന് കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് അനുസരിച്ച് വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, രക്ഷപ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, ആവശ്യമായ സാങ്കേതിക സഹായം എത്തിച്ചില്ല എന്നിവയാണ് കാരണങ്ങൾ.
ALSO READ: ബാബുവിനെ രക്ഷിക്കാൻ ചെലവായത് മുക്കാൽ കോടിയോളം രൂപ, കണക്ക് പുറത്തുവിട്ട് ദുരന്ത നിവാരണ അതോറിറ്റി
അതേസമയം ബാബുവിനെ രക്ഷിക്കാനായി ചെലവാക്കിയത് മുക്കാൽ കോടിയോളം രൂപയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രാഥമിക കണക്കുകൾ പുറത്ത് വിട്ടു. അരക്കോടി രൂപയാണ് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ, മറ്റ് രക്ഷാപ്രവര്‍ത്തകർ എന്നിവർക്ക് മാത്രം നല്‍കിയത്.
മലയിടുക്കിൽ ബാബു കുടുങ്ങിയ ദിവസം തുടങ്ങിയ രക്ഷാപ്രവർത്തനം അവസാനിച്ചത് ബുധനാഴ്ചയാണ്. രക്ഷപ്പെടുത്തിയ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ബാബു വീട്ടിലെത്തിയപ്പോള്‍ മുക്കാല്‍ കോടിക്കടുത്ത് രൂപ ചെലവായതായാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്‍കുന്ന പ്രാഥമിക കണക്ക്.
പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദുരന്ത നിവാരണ അതോറിറ്റിയും കോസ്റ്റ് ഗാർഡും എൻഡിആർഎഫും ഉൾപ്പെടെ രക്ഷാദൗത്യത്തിന് മുന്നിലുണ്ടായിരുന്നു. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിന് രണ്ടു ലക്ഷം രൂപയായിരുന്നു മണിക്കൂറിന് ചെലവായത്. ലക്ഷങ്ങളായിരുന്നു വ്യോമസേനാ ഹെലികോപ്റ്ററിനും മണിക്കൂര്‍ ചെലവ് വന്നത്.
പതിനഞ്ച് ലക്ഷത്തിലേറെ രൂപയാണ് കരസേനയുടെതുള്‍പ്പടെയുള്ള ദൗത്യ സംഘങ്ങള്‍ക്ക് ചെലവായത്. എന്‍ഡിആര്‍എഫ്, ലോക്കല്‍ ഗതാഗത സൗകര്യങ്ങള്‍, മറ്റ് അനുബന്ധ ചെലവ് ഉള്‍പ്പടെ മുപ്പത് ലക്ഷത്തിലേറെ ചെവലായിട്ടുണ്ടെന്നും കണക്കാക്കപ്പെടുന്നു. തുക ഇനിയും കൂടാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...