ആലപ്പുഴ: ചരിത്രം പറയുന്ന പാരമ്പര്യ വസ്തുക്കള്‍ കോടി കണക്കിന് രൂപ നല്‍കി വാങ്ങി സൂക്ഷിക്കുന്നത് വിദേശികളുടെ വിനോദമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ വിദേശികള്‍ വിലപറഞ്ഞ ഒരു വസ്തുവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. 


കോടികൾ മുടക്കി വിദേശികള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആ വസ്തു ഒരു കണ്ണടയാണ് - സാക്ഷാൽ ഗാന്ധിയുടെ കണ്ണട.


മുല്ലയ്‌ക്കൽ തെരുവിലെ വെള്ളിയാഭരണ കച്ചവടക്കാരനായ ജോസഫ് കെ. പാലത്രയുടെ കയ്യിലാണ് നിലവില്‍ ആ കണ്ണടയുള്ളത്. 


1927ൽ കേരള സന്ദർശനത്തി​നി​ടെ ആലപ്പുഴയി​ലെത്തിയ ഗാന്ധി​ജി​ കൊപ്രാ വ്യവസായി​യായ നവറോജി സേട്ടിന്‍റെ വീട്ടിലാണ് താമസിച്ചത്. 


അവിടെ വച്ച് ഗാന്ധിജിയുടെ കണ്ണട കൈയിൽ നിന്ന് വീണ് പൊട്ടുകയും സേട്ട് ഗാന്ധിയ്ക്ക് വേറെ കണ്ണട നല്‍കുകയും ചെയ്തു. പൊട്ടിയ വെള്ളി ഫ്രെയിമുള്ള വട്ടക്കണ്ണട സേട്ട് കൈയി​ൽ സൂക്ഷി​ച്ചു. 


പിന്നീട് 1982ൽ മുംബൈയില്‍ വച്ച് സേട്ടിന്‍റെ കൊച്ചുമകൻ നാരി​യൽ വാലാ സേട്ടാണ് അന്ന് കോൺ​ഗ്രസിന്‍റെ ആലപ്പുഴ മണ്ഡലം പ്രസി​ഡന്‍റായി​രുന്ന  ജോസഫിന് സ്നേഹ സമ്മാനമായി ഗാന്ധിക്കണ്ണട നൽകിയത്. 


പുരാവസ്‌തു വകുപ്പ് ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും വിട്ട് കൊടുക്കാതെ സൂക്ഷിച്ച ആ കണ്ണട മുൻ ജി​ല്ലാകളക്ടർ പി. വേണുഗോപാലിന്‍റെ നിർദ്ദേശത്തെ തുടർന്ന് ബാങ്ക് ലോക്കറിലാണ് ഇപ്പോഴുള്ളത്. 


തന്‍റെ കാലശേഷം മക്കൾക്ക് സംരക്ഷിക്കാൻ കഴിയുമെങ്കിൽ അതവര്‍ക്ക് നൽകു൦ അല്ലെങ്കിൽ വിശ്വാസമുള്ളവർക്ക് നൽകുമെന്നാണ് ജോസഫ് പറയുന്നത്. 


37 വർഷം മുമ്പ് തന്റെ കൈയിലെത്തിയ ഗാന്ധിയുടെ കണ്ണട ഒരു കാവൽക്കാരനെന്ന പോലെയാണ് ജോസഫ് സൂക്ഷി​ക്കുന്നത്. 


വിദേശത്തുള്ള മക്കളും ജോസഫിന്‍റെ ചില കൂട്ടുകാരുമാണ് കണ്ണടയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. 


കണ്ണടയ്‌ക്കായി കഴി​ഞ്ഞ ദി​വസം ഒന്നര കോടി​ രൂപയാണ് വി​ദേശത്ത് നി​ന്ന് ഫോണി​ൽ ബന്ധപ്പെട്ടയാൾ വി​ല പറഞ്ഞത്.