തിരുവനന്തപുരം:  ക്രിക്കറ്റിന് ഒരു ചെറിയ ഇടവേള നല്‍കി ലോകം ഫുട്ബോൾ ആവേശത്തിലേയ്ക്ക് നീങ്ങുകയാണ്... ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്  തിരശീല ഉയരാന്‍ ഇനി വെറും  ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇങ്ങകലെ കൊച്ചു കേരളത്തിലും ഫുട്ബോൾ  ആവേശം കുറവല്ല. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ അര്‍ജന്‍റീന, ബ്രസീല്‍  ആരാധകരായി മാറിയിരിയ്ക്കുന്ന കാഴ്ചയാണ് എങ്ങും.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, കേരളത്തിലെ  ആളുകളുടെ ഫുട്ബോള്‍ ആവേശം കണക്കിലെടുത്ത് വിദ്യാർഥികൾക്ക് ഫുട്ബോൾ പരിശീലനം നല്‍കാനുള്ള പദ്ധതിയ്ക്ക് തുടക്കമിട്ടിരിയ്ക്കുകയാണ്  സംസ്ഥാന സര്‍ക്കാര്‍.  തുടക്കത്തില്‍ 5 ലക്ഷം കുട്ടികള്‍ക്കാണ് ഫുട്ബോൾ പരിശീലനം നൽകുക. ഗോൾ  എന്ന പേരില്‍ ആരംഭിച്ചിരിയ്ക്കുന്ന ഈ ഫുട്ബോള്‍ പരിശീലന പദ്ധതിയ്ക്ക് സംസ്ഥാനത്ത്  ഇന്ന് തുടക്കമായി.


Also Read:  FIFA World Cup 2022: നാമക്കലിൽ നിന്ന് 'ഫുട്ബോൾ ലോകകപ്പിന് പോകുന്നത്' അഞ്ച് കോടി കോഴിമുട്ടകൾ


ഖത്തർ വേൾഡ് കപ്പിന്‍റെ  ആവേശം ഉൾകൊണ്ടുകൊണ്ട്  സംസ്ഥാനത്തുടനീളം ആയിരം കേന്ദ്രങ്ങളിലായാണ് വിദ്യാർത്ഥികൾക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലനം നൽകുക.  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിലെ കടയിരിപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കായിക മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു.


പ്രാഥമിക പരിശീലനത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്ഗദ്ദ പരിശീലനം സർക്കാർ ഉറപ്പ് വരുത്തുമെന്ന് ചടങ്ങില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.  കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് സഹലിന്‍റെ സാന്നിധ്യം ചടങ്ങിനെ ആവേശഭരിതമാക്കി.


സന്തോഷ് ട്രോഫി താരങ്ങളാണ് 10 ദിവസം നീണ്ട് നിൽക്കുന്ന പരിശീലനത്തിന് നേതൃത്വം നൽകുക. 14 ജില്ലകളിലും പദ്ധതിയുടെ ഭാഗമായ പരിശീലനം ആരംഭിച്ചു.


90 വയസിലും ഫുട്ബോൾ പരിശീലനം നൽകുന്ന റൂഫസ് ഡിസൂസയെ ചടങ്ങിൽ മന്ത്രി ആദരിച്ചു.