സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കേരളത്തില്‍ വെള്ളിയാഴ്ച വരെ  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനും സാധ്യത കൂടുതലുള്ളത്. ഇടിമിന്നല്‍ അപകടകാരികളായാണ് കണക്കാക്കുന്നത്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നവയാണ്. 


ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുതുടങ്ങുമ്പോൾ തന്നെ  സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റും മഴയുമുള്ളപ്പോൾ ഒരു കാരണവശാലും  വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും വേണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 


ഗൃഹോപകരണങ്ങളുമായുള്ള വൈദ്യുതി ബന്ധം ഉടൻ തന്നെ  വിഛേദിക്കണം. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. പരക്കെയുള്ള മഴ വേനലിന്റെ രൂക്ഷത കുറയാനും സംഭരണികളിലേക്കുള്ള നീരൊഴുക്ക് കൂടാനും കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആവർത്തിക്കുന്ന ചക്രവാത ചുഴികളാണ് മഴ ശക്തമാക്കാൻ കാരണമാകുന്നത് .വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.