തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരവേ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 2395.44 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ദ്ധിക്കുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സാഹചര്യത്തില്‍ ട്രയല്‍ റണ്‍ വേണമെന്ന ആവശ്യം വിവിധയിടങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. ട്രയല്‍ റണ്‍ നടത്തുന്ന കാര്യത്തില്‍ ഇന്ന് വൈകിട്ടോടെ തീരുമാനം ഉണ്ടാകും.


അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇടുക്കി, എറണാകുളം ജില്ലാ ഭരണകൂടങ്ങള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിക്കഴിഞ്ഞു.


അതേസമയം ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ അവധിയില്‍ പ്രവേശിച്ച റവന്യു ഉദ്യോഗസ്ഥരുടെ അവധികള്‍ സര്‍ക്കാര്‍ റദ്ദാക്കി. 


അഞ്ച് ദിവസം കൂടി മഴ തുടരും


സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡിഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയുടെ ഫലമായാണ്‌ കേരളത്തില്‍ ശക്തമായ മഴ നിലനില്‍ക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


വരുന്ന 48 മണിക്കൂറില്‍ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നളിനും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.