തിരുവനന്തപുരം: നിയമസഭയുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തനമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സ്പീക്കര്‍ ആരോപിച്ചതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. രക്തത്തിന്‍റെ രുചി പിടിച്ച പാര്‍ട്ടി എങ്ങനെ ജനകീയമാകുമെന്നാണ് രമേശ്‌ ചെന്നിത്തല ആരോപിച്ചത്. മട്ടന്നൂരില്‍ ഷുഹൈബിനെ കൊല്ലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലാന്‍ ആളെവിടുന്ന പാര്‍ട്ടി എങ്ങനെ ജനകീയമാകും? പ്രതികളെ പാര്‍ട്ടി ഹാജരാക്കിയതാണ്. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും മധുവിന്‍റെ കൊലപാതകവും ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു.


അതേസമയം ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ആദ്യഘട്ടത്തില്‍ ചൂണ്ടിക്കാട്ടിയ പി‍ഴവുകള്‍ തിരുത്തി കേരളാ പൊലീസ് കേസ് അന്വേഷിക്കുമെന്നും, ഏതെങ്കിലും ഘട്ടത്തില്‍ വീ‍ഴ്ചയുണ്ടായാല്‍ മാത്രം മറ്റ് ഏജന്‍സികളുടെ അന്വേഷണമാകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 


നടപടികള്‍ സ്തംഭിപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തുകയും സിപിഎമ്മിനെതിരെ കൂടുതല്‍  ആരോപണം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ സഭാ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.