Idukki Air Strip : കാത്തിരിപ്പുകൾക്ക് അവസാനം; ഒടുവിൽ ഇടുക്കി സത്രം എയർ സ്ട്രിപ്പിൽ വിമാനമിറങ്ങി
Idukki Air Strip : രണ്ട് തവണ ഈ എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രണ്ട് തവണയും വിമാനം ഇറക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
കാലങ്ങളുടെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഇടുക്കി സത്രം എയർ സ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വൈറസ് SW80 എന്ന വിമാനമാണ് ആദ്യമായി സത്രം എയർ സ്ട്രിപ്പിൽ ലാൻഡ് ചെയ്തത്. ഇന്ന് രാവിലെയോടെയാണ് വണ്ടിപ്പെരിയാറിലെ ഈ എയർ സ്ട്രിപ്പിൽ വിമാനം ഇറക്കിയത്. കൊച്ചിയിൽ നിന്നും പറന്നുയർന്ന വിമാനമാണ് ഇവിടെ ലാൻഡ് ചെയ്തത്. മുമ്പും രണ്ട് തവണ ഈ എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രണ്ട് തവണയും വിമാനം ഇറക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. റൺവേയുടെ അറ്റത്തുള്ള മൺതിട്ട മൂലമായിരുന്നു ഈ ശ്രമങ്ങൾ പരാജയപ്പെട്ടത്.
ഇപ്പോൾ മൺത്തിട്ട നീക്കിയതിന് ശേഷമാണ് വിമാനം വിജയകരമായി നിലത്തിറക്കിയത്. എൻ സി സി കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് വണ്ടിപ്പെരിയാർ സത്രത്തിൽ എയർസ്ട്രിപ്പ് നിർമിച്ചത്. കാലക്രമേണ മെഡിക്കൽ എമർജൻസിയും, ടൂറിസവും പോലുള്ള കാര്യങ്ങൾക്കായി എയർ സ്ട്രിപ്പ് വികസിപ്പിച്ചെടുക്കുക എന്നതും ലക്ഷ്യമാണ്. എന്‍.സി.സി.ക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ എയര്‍സ്ട്രിപ്പാണ് വണ്ടിപ്പെരിയാറിൽ ഈ എയർ സ്ട്രിപ്പ്.
എൻസിസി കേഡറ്റുകൾക്ക് വിമാനം പറപ്പിക്കുന്നതിൽ പരിശീലനം നൽകുന്നതിന് 2017 ലാണ് പൊതുമരാമത്ത് വകുപ്പ് സത്രം എയർ സ്ട്രിപ്പിന്റെ നിർമ്മാണം തുടങ്ങിയത്. 650 മീറ്ററാണ് നീളം. പെരിയാർ കടുവ സങ്കേതത്തിൽ നിന്ന് 630 മീറ്റർ അകലത്തിലാണ് എയർ സ്ട്രിപ്പ്. അതിനാൽ പദ്ധതി മേഖല മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പദ്ധതിക്കായി സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ല എന്നായിരുന്നു വിഷയത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കോടതിയിൽ നൽകിയ മറുപടി. കേസ് നിലനിൽക്കുന്നുണ്ടെങ്കിലും ജോലികൾ തുടരുന്നത് കോടതി തടഞ്ഞിരുന്നില്ല.