കട്ടപ്പന: ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. മഴ തുടര്‍ന്നാൽ രണ്ടാഴ്ചക്കുള്ളിൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് ഡാം സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.എസ്.ബാലു പറഞ്ഞു. നിറയാൻ ഇനി 22 അടി വെള്ളം മാത്രം മതി. കനത്ത മഴ ഇങ്ങനെ തുടർന്നാൽ 11 ദിവസത്തിനുള്ളിൽ പരമാവധി സംഭരണശേഷിയിലെത്തുകയും ഷട്ടറുകൾ തുറക്കുകയും ചെയ്യേണ്ടിവരും. ഇത് ഒഴിവാക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉത്‌പാദനം വർദ്ധിപ്പിച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

33 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പിലാണ് ഇടുക്കി അണക്കെട്ട്. 2382.26 അടി വെള്ളം വരെയെത്തി. ഡാമിലെ അനുവദനീയ ജലനിരപ്പായ 2403 അടിയിലെത്താൻ 21 അടിയുടെ മാത്രം കുറവ്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. മൂന്നടിയോളം വെള്ളം ദിവസവും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.


ഇതിന് മുമ്പ് രണ്ട് തവണയാണ് ഡാമിന്‍റെ ഷട്ടറുകൾ തുറന്നിട്ടുള്ളത്. 1981ലും 1992ലും. ആ വർഷങ്ങളിൽ പോലും ജൂലായ് മാസത്തിൽ ജലനിരപ്പ് ഇത്രയും ഉയർന്നിട്ടില്ല. നിലവിലെ സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ ഇത്തവണ ഡാം വീണ്ടും തുറക്കേണ്ടി വരും. വൈദ്യുതി ഉൽപാദനം പരമാവധി വര്‍ദ്ധിപ്പിച്ച് ഡാം തുറക്കുന്നത് ഒഴിവാക്കാനാണ് അധികൃതരുടെ ശ്രമം. ദിനംപ്രതി 5 ദശലക്ഷം യൂണിറ്റിൽ താഴെയായിരുന്ന ഉൽപാദനം ഇപ്പോൾ 8 ദശലക്ഷം യൂണിറ്റാക്കി ഉയര്‍ത്തിയിട്ടുണ്ട്. 


ഡാമിലെ ജലനിരപ്പ് വർദ്ധിക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനായി വൈദ്യുതി വകുപ്പ് ഡാം റിസർച്ച് ആൻഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വാഴത്തോപ്പിൽ കൂടും. ഡാം തുറക്കേണ്ടിവന്നാൽ സ്വീകരിക്കെണ്ടിവരുന്ന മുൻകരുതലിന്റെ ഭാഗമായി കൺട്രോൾ റൂം തുറക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്യും.