ദിലീപിന് ഇന്ന് നിര്‍ണായകം; വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്; ദിലീപിന്റെ സഹോദരനെയും സഹോദരി ഭര്‍ത്താവിനെയും ഇന്ന് ചോദ്യം ചെയ്യും
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമർപ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് ഹര്‍ജി പരിഗണിക്കുക. ദിലീപിന് മാത്രമല്ല പ്രോസിക്യൂഷനും ഏറെ നിര്‍ണായകമാകും ഇന്നത്തെ വിധി. ഉച്ചയ്ക്ക് 1.45 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും കൂട്ടാളികളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ കേസിന്റെ ഭാവി നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും നിർണായകമാകും. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്നാണ് ദിലീപിന്‍റെ ആവശ്യം.
ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചാലും പ്രോസിക്യൂഷന് തിരിച്ചടിയാകും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദിലീപിന്‍റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജിനെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ വച്ചാകും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇവര്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. രാവിലെ അനൂപും ഉച്ചയ്ക്ക് ശേഷം സുരാജും ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്.
സുരാജിനോട് മൊബൈല്‍ഫോണ്‍ ഹാജരാക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്. നേരത്തെ ഇരുവരെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട അനൂപിന്റെയും സുരാജിന്റെയും ഓഡിയോ ക്ലിപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വ്യക്തത തേടുമെന്നാണ് സൂചന. കൂടാതെ ദിലീപിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുമായി ബന്ധപ്പെട്ടും മൊഴിയെടുക്കും. ആദ്യമായിട്ടാണ് നടിയെ ആക്രമിച്ച കേസില്‍ ഇരുവരെയും ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് കോടതിയിലുള്ള നിര്‍ണായക രേഖകള്‍ ഫോണില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയ രേഖകള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. രേഖകള്‍ ചോര്‍ന്നതില്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി നൽകണമെന്ന് നേരത്തെ അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...