JWO A. Pradeep | ധീര സൈനികന് കണ്ണീരോടെ വിട നൽകി ജന്മനാട്; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
ധീര സൈനികന് ആദരാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്.
തൃശൂർ: ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭൗതിക ശരീരം പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. വൈകിട്ട് 5.53 ഓടെയാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കേരള പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്കൂളിലെ പൊതുദർശനത്തിന് ശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.
ധീര സൈനികന് ആദരാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാവിലെ 11 മണിയോടെ പ്രദീപിന്റെ ഭൗതിക ശരീരം സുലൂർ വിമാനത്താവളത്തിൽ എത്തിച്ചു. സുലൂർ വ്യോമതാവളത്തിൽ നിന്ന് വിലാപ യാത്രയായാണ് ഭൗതിക ശരീരം തൃശൂരിലേക്ക് എത്തിച്ചത്.
വിലാപ യാത്ര വാളയാർ അതിർത്തിയിൽ എത്തിയപ്പോൾ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.രാജൻ, കെ രാധാകൃഷ്ണൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തിലാണ് പ്രദീപ് കുമാറും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്. 2004ൽ ആണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. ആറ് മാസം മുൻപാണ് കോയമ്പത്തൂരിലെ സുലൂരിൽ ജോലിയിൽ പ്രവേശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...