കുമരകം: കോട്ടയം കുമരകത്ത് സൗദി അറേബ്യന്‍ സ്വദേശിയായ എട്ടു വയസുകാരന്‍ മുങ്ങി മരിച്ചു. മജീദ് ആദിന്‍ ഇബ്രാഹിമാണ് മരിച്ചത്. കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികള്‍ക്കുള്ള നീന്തല്‍ക്കുളത്തില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം നീന്തിക്കളിക്കുകയായിരുന്ന മജീദ് മുങ്ങുകയായിരുന്നു. റിസോര്‍ട്ട് ഉടമകളും ജീവനക്കാരും ചേര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. എന്നാല്‍ ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്നാണ് പിതാവ് പറയുന്നത്. മാത്രമല്ല, കുട്ടിയെ രക്ഷിക്കാനായി നീന്തല്‍ കുളത്തില്‍ ഇറങ്ങിയവര്‍ക്കും ഷോക്കേറ്റിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.


അഞ്ചു കുട്ടികള്‍ ഉള്‍പ്പടെ ഏഴംഗ കുടുംബം മൂന്ന് ദിവസത്തെ വിനോദയാത്രക്കായിട്ടാണ് കുമരകത്ത് എത്തിയത്. കുടുംബത്തിലെ നാലാമത്തെ കുട്ടിയാണ് മജീദ്.