Thiruvananthapuram: പതിനഞ്ചാം കേരള നിയമസഭയുടെ (Kerala Assembly) മൂന്നാമത് സമ്മേളനം ഒക്ടോബര്‍ 4 തിങ്കളാഴ്ച ആരംഭിക്കും. പൂര്‍ണ്ണമായും നിയമ നിര്‍മ്മാണത്തിനായ‌ാണ് സമ്മേളനം ചേരുന്നത്. നവംബർ (November) 12ന് സമ്മേളനം അവസാനിക്കും. 24 ദിവസമാണ് സമ്മേളനം ചേരുക. 19 ദിവസം നിയമനിര്‍മ്മാണ കാര്യത്തിനും 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണനയ്ക്കും നീക്കിവച്ചിട്ടുണ്ട്.

 

നിയമനിര്‍മ്മാണ കാര്യത്തില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ സഭ പരിഗണിക്കുന്ന ബില്ലുകള്‍ കീഴ്വഴക്കമനുസരിച്ച് സ്പീക്കറാണ് നിശ്ചയിക്കുന്നത്. ഒക്ടോബര്‍ 4, 5 തീയതികളില്‍ പരി​ഗണിക്കുന്ന ബില്ലുകൾ:

 


 

04.10.2021

 

1) 2021 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍

2) 2021 ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍

3) 2021 ലെ കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബില്‍

4) 2021 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍

 

05.10.2021

  1) 2021 ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍

2) 2021 ലെ കേരള പൊതുവില്‍പ്പന നികുതി (ഭേദഗതി) ബില്‍

3) 2021 ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബില്‍

 

സഭയുടെ പരി​ഗണനയ്ക്ക വന്നതിന് ശേഷം ഇവ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിഗണനയ്ക്കായി അയയ്ക്കും. ഒക്ടോബര്‍ 6-ാം തീയതി മുതല്‍ സഭ പരിഗണിക്കുന്ന ബില്ലുകളെ സംബന്ധിക്കുന്ന വിശദാംശം ആദ്യദിവസം ചേരുന്ന കാര്യോപദേശക സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കപ്പെടുക.

 

വിവിധ സര്‍വ്വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായുള്ള ബില്ലുകള്‍

കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് ബില്‍

കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബില്‍

കേരള പബ്ലിക് ഹെല്‍ത്ത് ബില്‍

കേരള സംസ്ഥാന മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ബില്‍

കേരള ധാതുക്കള്‍ (അവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍) ബില്‍

കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ (ഭേദഗതി) ബില്‍ തുടങ്ങിയവയാണ് സഭ പരിഗണിക്കാനിരിക്കുന്ന പ്രധാനപ്പെട്ട ബില്ലുകള്‍.

 


 

45 ഓര്‍ഡിനന്‍സുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി സഭാ സമ്മേളന ദിനങ്ങളില്‍ ഗണ്യമായ കുറവു വന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ യഥാസമയം പാസ്സാക്കാന്‍ കഴിയാതിരുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയമ നിര്‍മാണത്തിനു മാത്രമായി സഭയുടെ മൂന്നാം സമ്മേളനം ചേരുന്നത്.

 

കേരള നിയമസഭയുടെ അഭിമാന പദ്ധതിയായ 'ഇ'- നിയമസഭാ പ്രൊജക്ട് പൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി സഭയ്ക്കകത്ത് നടക്കുന്ന എല്ലാ നടപടികളും കടലാസ് രഹിതമാക്കുന്നതിന്‍റെ ഔപചാരിക ലോഞ്ചിംഗ് കേരളപ്പിറവി ദിനമായ നവംബര്‍ 1ന് നടത്തും. കോവിഡ് വ്യാപനത്തില്‍ നേരിയ കുറവു വന്നിട്ടുള്ള സാഹചര്യത്തില്‍ സഭയുടെ സന്ദര്‍ശക ഗാലറികളിലേക്ക് പരിമിതമായ തോതില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശം അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.


 

ഇതിന് പുറമെ നിയമസഭയുടെ (Assembly) ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വിപുലമായി ആ ഘോഷിക്കുമെന്നും സ്പീക്കർ (Speaker) വ്യക്തമാക്കി. കോവിഡ് (Covid 19) ഭീഷണി ഒഴിയുന്ന മുറയ്ക്ക് നിയമസഭാ മ്യൂസിയം (Kerala Legislative Assembly Museum), നിയമസഭാ ലൈബ്രറി എന്നിവയുടെ വിപുലീകരണത്തിനായുള്ള പരിപാടികളും ആവിഷ്കരിക്കുന്നതാണ്. 2021-22 വര്‍ഷത്തെ ബഡ്ജറ്റുമായി (Budget) ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതിനു ശേഷം ഓഗസ്റ്റ് 13-നാണ് സഭയുടെ രണ്ടാം സമ്മേളനം അവസാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.