കൊവിഡ് വ്യാപനം രൂക്ഷം; കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേരളം, വർക്ക് ഫ്രം ഹോമും രാത്രികാല കർഫ്യൂവും പരിഗണനയിൽ
ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ സംബന്ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ (Restrictions) ഏർപ്പെടുത്താൻ സാധ്യത. രാത്രികാല കർഫ്യൂ നടപ്പാക്കുന്നതും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ഇത്തരത്തിൽ നടപടി സ്വീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അന്തിമ തീരുമാനം ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ (High level meeting) ഉണ്ടാകും.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുക്കും. ഉന്നതതല യോഗത്തിന് മുൻപായി ചീഫ് സെക്രട്ടറി പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നൈറ്റ് കർഫ്യൂ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് പൊലീസ് ശുപാർശ ചെയ്തത്.
അതേസമയം, കൊവിഡ് രണ്ടാംതരംഗത്തിലെ വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ കേരള-തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി. രാത്രികാല കർഫ്യൂവിനെത്തുടർന്ന് രാത്രി 10 മുതൽ പുലർച്ചെ നാല് വരെ വാഹനങ്ങൾ കടത്തിവിടില്ല. ഈ സമയം തമിഴ്നാട് അതിർത്തി അടച്ചിടും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും രാത്രികാല കർഫ്യൂവിൽ നിന്ന് ഇളവ് നൽകുകയെന്ന് തമിഴ്നാട് പൊലീസ് (Police) അറിയിച്ചു. കേരള അതിർത്തിയിലടക്കം കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തമിഴ്നാട് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.
ALSO READ: കേരള-തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തം; രാത്രി 10 മുതൽ പുലർച്ചെ നാല് വരെ വാഹന ഗതാഗതം നിരോധിച്ചു
വാളയാർ അതിർത്തിയിലും കേരള പൊലീസ് ശക്തമായ പരിശോധന തുടങ്ങിട്ടുണ്ട്. രാവിലെ എട്ടരയോടെയാണ് പരിശോധന തുടങ്ങിയത്. കൊവിഡ് ജാഗ്രത പോർട്ടലിലെ രജിസ്ട്രേഷൻ പരിശോധിച്ച് ഇ-പാസ് ഉണ്ടോയെന്ന് ഉറപ്പ് വരുത്തി അതുള്ളവരെ മാത്രമാണ് കേരളത്തിലേക്ക് കടത്തി വിടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കി. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. വരുന്ന എല്ലാവരും ഇ-ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വാക്സിൻ സ്വീകരിച്ചവരാണെങ്കിലും 48 മണിക്കൂർ മുമ്പെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...