Thiruvananthapuram : സംസ്ഥാനം വീണ്ടുമൊരു പ്രളയ (Kerala Flood) ഭീതിയിലാണ്. മധ്യകേരളത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്ന മണ്ണിടിച്ചിലും അത് തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളും സംഭവ വികാസങ്ങളും സംസ്ഥാനത്ത് വീണ്ടുമൊരു പ്രളയമാണോ നേരിടുന്നത് എന്ന് തോന്നിപ്പോകും. ആ സംശയങ്ങൾക്ക് ഉത്തരവുമായിട്ടാണ് UN-ന്റെ ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടിയുടെ (Muraleee Thummarukudy) ഫേസ്ബുക്ക് പോസ്റ്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

"കാലാവസ്ഥ വ്യതിയാനം ലോകമെമ്പാടും മഴയെ കൂടുതൽ തീവ്രതയോടെ പെയ്യിക്കുന്നതിനാൽ വർഷത്തിലെ മൊത്തം മഴക്ക് മാറ്റം ഇല്ലെങ്കിലും മഴ കുറച്ചു സമയം കൊണ്ട് കൂടുതൽ പെയ്യുമ്പോൾ പ്രാദേശികമായി ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഇനി എല്ലാ വർഷവും ഉണ്ടാകും. ഭാഗ്യത്തിന് നമ്മുടെ പ്രധാന മഴക്കാലത്ത് അതുണ്ടായില്ല. പക്ഷെ ഇപ്പോൾ രണ്ടു മൺസൂൺ കാലത്തിന്റെയും ഇടക്ക് ഒരു ന്യൂനമർദ്ദം ആണ് പ്രളയന്തരീക്ഷം ഉണ്ടാക്കിയിരിക്കുന്നത്" തുമ്മാരുകുടി തന്റെ ഫേസ്ബുക്കിൽ പോസ്റ്റിൽ പറയുന്നു.


ALSO READ : House collapsed | സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീട് പൂർണമായും തകർന്നു; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേരെയും രക്ഷപ്പെടുത്തി


മഹപ്രളയമാണെങ്കിലും പ്രദേശിക പ്രതിഭാസമാണെങ്കിലും ദുരിതവും നഷ്ടവും ഒരു പോലെയാണ് തുമ്മാരുകുടി പറഞ്ഞു. അതിനാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ പ്രദേശിക തലത്തിൽ ദുരിതാശ്വാസവും എത്രയും വേഗം ആരംഭിക്കണമെന്ന് തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു. 


"നമ്മുടെ ദുരന്ത നിവാരണ സംവിധാനങ്ങൾ 2018 ലെ പ്രളയത്തിൽ നിന്നും ഏറെ പാഠങ്ങൾ പഠിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോൾ ഈ വിഷയത്തിൽ കൂടുതൽ അറിവും അധികാരവും ഉണ്ട്. റെവന്യൂ തലത്തിൽ പരിചയമുള്ള ഉദ്യോഗസ്ഥനിര തന്നെയുണ്ട്. പോലീസ് മുതൽ സന്നദ്ധ സേവനത്തിനിറങ്ങുന്ന വിദ്യാർഥികൾ വരെ ഏവർക്കും അനുഭവ പാഠങ്ങൾ ഉണ്ട്. അവരൊക്കെ ഈ സാഹചര്യത്തിൽ നന്നായി പ്രവർത്തിക്കും എന്ന് തന്നെയാണ് എൻറെ വിശ്വാസം" തുമ്മാരുകുടി തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.


ALSO READ : Kokkayar Updates| കാല് കുത്തിയാൽ താഴുന്നത് ആൾപ്പൊക്കം ചെളിയിൽ,കൊക്കയാറിലേത് ദുർഘടമായ രക്ഷാ പ്രവർത്തനം


ഇനി നമ്മുടെ വീടിന് ചുറ്റും വെള്ളം എത്തിയാൽ അത് വൻ പ്രളയമാണോ ചെറിയ പ്രളയമാണോ എന്ന അന്വേഷിക്കാൻ നിൽക്കരുത്. എല്ലാ സുരക്ഷ മുൻകരുതലും കരുതേണ്ടതാണ്. ഒരടി വെള്ളം മാത്രമാണ് റോഡിൽ ഉള്ളെങ്കിലും അത് മാത്രം മതി വാഹനത്തിന്റെ നില തെറ്റിക്കാനാകുമെന്ന് തുമ്മാരുകുടി മുന്നറിയിപ്പ് നൽകി.


"മഴക്കാലം അല്ലാതിരുന്നിട്ട് കൂടി എത്ര വേഗത്തിലാണ് ഒരു ന്യൂനമർദ്ദം നമ്മളെ ബാധിക്കുന്നത് എന്ന് ശ്രദ്ധിക്കുക. വൻ പ്രളയങ്ങൾ നൂറ്റാണ്ടിൽ ഒരിക്കൽ എന്നുള്ളത് നാല്പതോ അന്പതോ കൊല്ലത്തിൽ ഒരിക്കലാകും. പ്രാദേശികമായ പ്രളയങ്ങളും വെള്ളക്കെട്ടുകളും എല്ലാ വർഷവും തന്നെ ഉണ്ടാകും" തുമ്മാരുകുടി വ്യക്തമാക്കി.


ALSO READ : Financial assistance | മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു


മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്


വീണ്ടും ഒരു പ്രളയം?


കേരളത്തിൽ കനത്ത  മഴയാണ്. മണ്ണിടിച്ചിലും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.


ആദ്യമായിട്ടല്ല കേരളത്തിൽ മഴയും മണ്ണിടിച്ചിലും ഉണ്ടാകുന്നത്, എങ്കിലും 2018 ലെ മഹാ പ്രളയം കണ്ടതിന് ശേഷം നമുക്ക് മഴയെ പേടിയാണ്. ഏതൊരു വെള്ളപ്പൊക്കവും അതുപോലെ ആകുമെന്നാണ് നാം പേടിക്കുന്നത്. അതുമായിട്ടാണ് താരതമ്യം ചെയ്യുന്നത്.


ഈ വർഷത്തെ മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ "ഈ വർഷം കേരളത്തിൽ പ്രളയം ഉണ്ടാകുമോ" എന്നൊരു ക്ലബ്ബ് ഹൌസ് ചർച്ച നടത്തിയിരുന്നു. പ്രളയം ഉണ്ടാകുമോ എന്നത് മാസങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ പറ്റുന്ന ഒന്നല്ല എന്നും, കാലാവസ്ഥ വ്യതിയാനം ലോകമെന്പാടും മഴയെ കൂടുതൽ തീവ്രതയോടെ പെയ്യിക്കുന്നതിനാൽ വർഷത്തിലെ മൊത്തം മഴക്ക് മാറ്റം ഇല്ലെങ്കിലും മഴ കുറച്ചു സമയം കൊണ്ട് കൂടുതൽ പെയ്യുന്പോൾ പ്രാദേശികമായി ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഇനി എല്ലാ വർഷവും ഉണ്ടാകും എന്നുമാണ് അന്ന് പറഞ്ഞു നിർത്തിയത്. ഭാഗ്യത്തിന് നമ്മുടെ പ്രധാന മഴക്കാലത്ത് അതുണ്ടായില്ല. പക്ഷെ ഇപ്പോൾ രണ്ടു മൺസൂൺ കാലത്തിന്റെയും ഇടക്ക് ഒരു ന്യൂനമർദ്ദം ആണ് പ്രളയന്തരീക്ഷം ഉണ്ടാക്കിയിരിക്കുന്നത്.


നമ്മുടെ വീട്ടിനുള്ളിൽ വെള്ളം കയറിയാൽ, അല്ലെങ്കിൽ നമ്മുടെ വീടിരിക്കുന്ന സ്ഥലം ഉരുൾ പൊട്ടലിന്റെ പാതയിൽ വന്നാൽ, നമ്മുടെ ചുറ്റുമുള്ള മരങ്ങൾ കടപുഴകി വീണാൽ നമ്മുടെ ലോക്കൽ റോഡുകൾ വെള്ളത്തിനടിയിലായാൽ പിന്നെ ഇത് "മഹാ പ്രളയം" ആണോ  "പ്രാദേശിക പ്രതിഭാസമാണോ" എന്നതിന് വലിയ പ്രസക്തിയില്ല. ദുരിതവും നഷ്ടവും   ഒരുപോലെയാണ്. അതുകൊണ്ട് തന്നെ പ്രാദേശികമായി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസവും ഏറ്റവും നല്ല നിലയിൽ തന്നെ തുടങ്ങണം. കൊറോണക്കാലം ഏറെക്കുറെ അവസാനിച്ചത് നന്നായി. രക്ഷാപ്രവർത്തനവും ക്യാന്പുകളും അധികം പേടിക്കാതെ ചെയ്യാം. കഴിഞ്ഞ വർഷം ഈ സമയത്തായിരുന്നുവെങ്കിൽ സമൂഹം വല്ലാതെ പണിപ്പെട്ടേനേ !.


നമ്മുടെ ദുരന്ത നിവാരണ സംവിധാനങ്ങൾ 2018 ലെ പ്രളയത്തിൽ നിന്നും ഏറെ പാഠങ്ങൾ പഠിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോൾ ഈ വിഷയത്തിൽ കൂടുതൽ അറിവും അധികാരവും ഉണ്ട്. റെവന്യൂ തലത്തിൽ പരിചയമുള്ള ഉദ്യോഗസ്ഥനിര തന്നെയുണ്ട്. പോലീസ് മുതൽ സന്നദ്ധ സേവനത്തിനിറങ്ങുന്ന വിദ്യാർഥികൾ വരെ ഏവർക്കും അനുഭവ പാഠങ്ങൾ ഉണ്ട്. അവരൊക്കെ ഈ സാഹചര്യത്തിൽ നന്നായി പ്രവർത്തിക്കും എന്ന് തന്നെയാണ് എൻറെ വിശ്വാസം.


സംസ്ഥാന തലത്തിലും കാര്യങ്ങൾ വേഗത്തിൽ നീക്കാനുള്ള പരിചയമുണ്ട്. ഇപ്പോൾ തന്നെ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇതാണ് ശരിയായ രീതി. സഹായം തേടുന്നത് നമ്മുടെ സംവിധാനങ്ങളുടെ ദൗർബല്യമല്ല, പരസ്പര പൂരകങ്ങളായി നമ്മുടെ ദുരിതാശ്വാസ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.


മുൻപ് പറഞ്ഞത് പോലെ നമ്മുടെ വീടിന് ചുറ്റും വെള്ളമെത്തിയാൽ അത് വൻ പ്രളയമാണോ ചെറു പ്രളയമാണോ എന്നൊന്നും നോക്കരുത്. എല്ലാ സുരക്ഷാ മുൻകരുതലുകളും എടുക്കുക. റോഡിൽ ഒരടി വെള്ളമേ ഉള്ളൂ എന്നതിനാൽ അതിലൂടെ വാഹനങ്ങൾ ഓടിച്ചു പോകാൻ ശ്രമിക്കുന്നതൊക്കെ കാണുന്നു. പ്രളയകാലത്ത് ഒരടി വെള്ളത്തിന്റെ ഒഴുക്കുപോലും വാഹനങ്ങളെ ഒഴുക്കി കൊണ്ടുപോകാം, ആളുകളുടെ അടി തെറ്റിക്കാം. മണ്ണിടിച്ചിൽ ഉള്ള സ്ഥലങ്ങളിൽ നിന്ന് മാറിത്താമസിക്കാനോ മലകളിലേക്ക് പോകാതിരിക്കാനോ ഉള്ള  അധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കുക. സംസ്ഥാനമൊട്ടാകെ മുങ്ങുന്ന രീതിയിലുള്ള ഒരു ദുരന്തം അല്ലാത്തതിനാൽ വേഗത്തിലും കാര്യക്ഷമമായും സഹായങ്ങൾ എത്തും. അതുവരെ സുരക്ഷിതരായിരിക്കുക. ഒട്ടും റിസ്ക് എടുക്കരുത്.



ന്യൂനമർദ്ദവും ചുഴലിക്കാറ്റും ഇനി നമ്മുടെ കാലാവസ്ഥയുടെ ഭാഗമാവുകയാണ്. മഴക്കാലം അല്ലാതിരുന്നിട്ട് കൂടി എത്ര വേഗത്തിലാണ് ഒരു ന്യൂനമർദ്ദം നമ്മളെ ബാധിക്കുന്നത് എന്ന് ശ്രദ്ധിക്കുക. വൻ പ്രളയങ്ങൾ നൂറ്റാണ്ടിൽ ഒരിക്കൽ എന്നുള്ളത് നാല്പതോ അന്പതോ കൊല്ലത്തിൽ ഒരിക്കലാകും. പ്രാദേശികമായ പ്രളയങ്ങളും വെള്ളക്കെട്ടുകളും എല്ലാ വർഷവും തന്നെ ഉണ്ടാകും. കടലാക്രമണവും മണ്ണിടിച്ചിലും കൂടി വരും. സുസ്ഥിരമായ സ്ഥല വിനിയോഗ രീതികളിലൂടെ ഇതോടൊത്ത് ജീവിക്കാൻ  പ്ലാൻ ചെയ്യുക എന്നതാണ് സമൂഹം എന്നുള്ള നിലക്ക് നമുക്ക് ചെയ്യാനുള്ളത്. സുരക്ഷയുടെ പാഠങ്ങൾ നമ്മൾ പഠിച്ചേ തീരൂ.


സുരക്ഷിതരായിരിക്കുക


മുരളി തുമ്മാരുകുടി


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.