Aisha Sulthana ചോദ്യം ചെയ്യലിന് ഹാജരാകണം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്നും ഹൈക്കോടതി ഉത്തരവ്
ലോക്ക്ഡൗൺ ആണെങ്കിലും ലക്ഷദ്വീപിലേക്ക് പോകാൻ അനുവാദം നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കി
കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ ഐഷ സുൽത്താനയോട് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി (High court) നിർദേശം. എന്നാൽ അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജൂൺ 20ന് കവരത്തി പൊലീസിന് (Police) മുൻപാകെ ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണം.
ലോക്ക്ഡൗൺ ആണെങ്കിലും ലക്ഷദ്വീപിലേക്ക് പോകാൻ അനുവാദം നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യത്തിൽ ലക്ഷദ്വീപിൽ ഇപ്പോൾ ലോക്ക്ഡൗൺ ആണെന്ന് ഐഷ ചൂണ്ടിക്കാട്ടിയപ്പോഴാണ് കേന്ദ്രം അനുമതി നൽകുമെന്ന് വ്യക്തമാക്കിയത്.
ALSO READ: Lakshadweep: ഭരണപരിഷ്കാരങ്ങൾക്കെതിരായ ഹർജി തള്ളി ഹൈക്കോടതി
ഒരാഴ്ചയാണ് ഉത്തരവിന്റെ കാലാവധി. ഈ സമയത്തിനുള്ളിൽ അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം അനുവദിക്കണം. 50,000 രൂപയുടെ ബോണ്ടും ആൾ ജാമ്യവുമാണ് വ്യവസ്ഥ. ജാമ്യാപേക്ഷയിൽ ഒരാഴ്ചയ്ക്കുള്ളിൽ കോടതി വിധി പറയും. ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്.
ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് തടയണമെന്ന ഐഷയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. കസ്റ്റഡിയിൽ (Custody) ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് കോടതി ആരാഞ്ഞു. അക്കാര്യം അന്വേഷണത്തിന് ശേഷം പൊലീസാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്രം വ്യക്തമാക്കി. അടിസ്ഥാന രഹിതമായ ആരോപണമാണ് ചാനൽ ചർച്ചയിൽ പങ്കെടുക്കവേ ഐഷ നടത്തിയതെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.
ALSO READ: Delhi riots case: ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളെ മോചിപ്പിക്കാൻ കോടതി ഉത്തരവ്
ഐഷ പേരും വയസും ശരിയായിട്ടല്ല ഹർജിയിൽ നൽകിയിട്ടുള്ളതെന്നും ഔദ്യോഗിക രേഖയിൽ വേറെയാണെന്നും കേന്ദ്ര സർക്കാർ (Central government) ആരോപിച്ചു. ഇത് വളരെ ഗൗരവമായി എടുക്കണം. ഹർജിയിലെ പിശക് അബദ്ധം സംഭവിച്ചതാണെന്ന് ഐഷ വ്യക്തമാക്കി.
ലക്ഷദ്വീപിലെ സ്കൂൾ കുട്ടികൾക്ക് പോലും വിഘടന ചിന്തകൾ ഉണ്ടാകുന്ന പരാമർശമാണ് ഐഷ നടത്തിയതെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. ഐഷ പറഞ്ഞതിന്റെ ഫലമായി സംഘർഷം ഉണ്ടായാലും ഇല്ലെങ്കിലും രാജ്യദ്രോഹ കുറ്റം നിലനിൽക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...