തിരുവനന്തപുരം: പുതുതായി കാറോ സ്കൂട്ടറോ വാങ്ങുന്ന ഭിന്നശേഷിക്കാർ അവരുടെ സമൂഹമാധ്യമക്കൂട്ടായ്മകളിൽ ആദ്യം തിരയുക ഓട്ടോ ക്രാഫ്റ്റ് സുരേഷിന്റെ ഫോൺ നമ്പറാകും, പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ. പലരും പുതിയ വാഹനം ഷോറൂമിൽ നിന്ന് നേരിട്ട് സുരേഷിന്റെ തിരുവനന്തപുരം മുട്ടത്തറയിലെ വർക്ക് ഷോപ്പിലേക്കാവും എത്തിക്കുക. ഇവിടം അവർക്കു വേണ്ടി മാത്രമുള്ളതാണ്. ഭിന്നശേഷിക്കാർക്ക് ഓടിക്കാവുന്ന തരത്തിൻ വാഹനങ്ങളെ കസ്റ്റമൈസ് ചെയ്യുന്ന സംസ്ഥാനത്തെ അപൂർവ്വം ചിലരിൽ ഒരാളാണ് സുരേഷ്. മൂന്നൂറിലേറെ വാഹനങ്ങൾ ഇതിനകം ഭിന്നശേഷിക്കാർക്കായി സുരേഷ് പരുവപ്പെടുത്തി നൽകി കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണ കമ്പനികൾ പുറത്തിറക്കുന്ന വാഹനങ്ങൾ ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ സാധിക്കാത്തവയാണ്. എന്നാൽ ആ വാഹനങ്ങൾ ആവശ്യക്കാരുടെ സൗകര്യം അനുസരിച്ച്  സുരേഷ് ക്രമീകരിച്ച് നൽകും. കാറിൽ സാധാരണ കാലുകൊണ്ട് ചവിട്ടി ഉപയോഗിക്കേണ്ട ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററുമൊക്കെ സുരേഷ് ഇടപെടുന്നതോടെ, ഓടിക്കുന്നയാൾക്ക് കൈകൊണ്ട് നിയന്ത്രിക്കാവുന്ന നിലയിലേക്കെത്തിക്കും. ഇത് കൂടാതെ വാഹനത്തിലേക്ക് വിൽചെയർ ഓടിച്ചു കയറ്റാനുള്ള റാമ്പ്, കസ്റ്റമൈസ് ചെയ്ത വാഹനം ഭിന്നശേഷിക്കാരല്ലാത്തവർക്കും ഉപയോഗിക്കാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം സുരേഷ് ഒരുക്കി നൽകുന്നുണ്ട്. ഓരോ വാഹനത്തിനും വേണ്ട സൗകര്യങ്ങൾ വ്യത്യസ്തമായതിനാൽ ചെലവും വ്യത്യസ്തമാണ്. 


ALSO READ : സ്‌കൂള്‍ കായികമേള തിരുവനന്തപുരത്ത് ഡിസംബര്‍ മൂന്നുമുതല്‍ ; കലോത്സവം ജനുവരി മൂന്നു മുതല്‍ കോഴിക്കോട്


നാൽപ്പതു വർഷമായി രംഗത്തുള്ള സുരേഷ് തുടക്കത്തിൽ സാധാരണ മെക്കാനിക്ക് ആയിരുന്നു. ഒരിക്കൽ വാഹനമോടിക്കണമെന്ന ആഗ്രഹത്തോടെ തന്നെ സമീപിച്ച ഭിന്നശേഷിക്കാരനായ സുഹൃത്തിനു വേണ്ടിയാണ് പരീക്ഷണങ്ങൾ ആരംഭിച്ചത്. പിന്നീട് ആവശ്യക്കാർ ഏറിയതോടെ പൂർണമായും ഈ രംഗത്തേക്ക് തിരിയുകയായിരുന്നു. സേവനം എന്ന നിലയിൽ ഏറ്റവും കുറഞ്ഞ ചെലവിലാണ്   മോഡിഫിക്കേഷൻ വരുത്തുന്നത്. അതേസമയം സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. നിയമാനുസൃതം അനുവദിക്കപ്പെട്ട ക്രമീകരണങ്ങൾ മാത്രമാണ് വരുത്തുക. 


മോട്ടോർ വാഹന വകുപ്പിന്റെ പിന്തുണയും സുരേഷിന് ലഭിക്കുന്നുണ്ട്. തന്റെ ചില പരീക്ഷണങ്ങൾക്ക് പേറ്റന്റിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും സുരേഷ് അറിയിച്ചു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.