ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തില്‍ ഹൈക്കോടതി ഇടപെടുന്നു. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി.  മാര്‍തണ്ഡം കായല്‍ മണ്ണിട്ട് നികത്താന്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടോയെന്നും അറിയിക്കണം. ഇക്കാര്യം മൂന്നുദിവസത്തിനകം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.


കൈയ്യേറ്റം നടന്നിട്ടുണ്ടോ എന്നും  മണ്ണിട്ട് നികത്തിയിട്ടുണ്ടോ എന്നും  വിശദമായ മറുപടി നല്‍കണമെന്നും ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ്  പി.ബി സുരേഷ്കുമാര്‍ പറഞ്ഞു.  സര്‍ക്കാരിന്‍റെ പക്കല്‍ എന്തൊക്കെ രേഖകള്‍ ഉണ്ടെന്നും പത്ത് ദിവസത്തിനകം അത് അറിയിക്കണമെന്നും കോടതി പറഞ്ഞു.  കൈയ്യേറ്റത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയും കൈനകരി പഞ്ചായത്ത് അംഗവുമായ ബി.കെ. വിനോദ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കൈയ്യേറ്റം തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കണം, അനധികൃതമായി വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം, കായല്‍ ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കി ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍.