Elathoor train attack: രേഖാ ചിത്രവും യഥാർത്ഥ ചിത്രവും വ്യത്യസ്തം; വിമർശനങ്ങൾക്ക് മറുപടിയുമായി കേരള പോലീസ്
Kerala Police : പ്രതിയെ കണ്ടവർ ഓർമ്മയിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങൾ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതന്നും പ്രതിയെ കണ്ടിട്ടല്ല രേഖാ ചിത്രം വരയ്ക്കുന്നതെന്നും കേരള പോലീസ് വ്യക്തമാക്കി.
എലത്തൂർ ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾ മറുപടിയുമായി കേരള പോലീസ്. പ്രതിയെ നേരിട്ട് കണ്ടിട്ടല്ല രേഖാ ചിത്രം വരയ്ക്കുന്നതെന്ന് കേരള പോലീസ് പറഞ്ഞു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സിലൂടെയായിരുന്നു കേരള പോലീസിൻറെ വിശദീകരണം.
പ്രതിയെ കണ്ടവർ ഓർമ്മയിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങൾ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നത്. പറഞ്ഞുകിട്ടുന്ന ഫീച്ചേഴ്സ് എപ്പോഴും ശരിയാവണം എന്നില്ല. ശരിയായിട്ടുള്ള നിരവധി കേസുകളും ഉണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയിൽ, ദൃക്‌സാക്ഷികൾ കുറ്റവാളികളെ കൃത്യമായി ഓർത്തെടുക്കാൻ തക്ക മാനസികാവസ്ഥയിൽ ആകണമെന്നും ഇല്ലെന്ന് കേരള പോലീസ് വ്യക്തമാക്കി.
ALSO READ: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി പിടിയിൽ; പിടിയിലായത് മഹാരാഷ്ട്രയിൽ നിന്ന്
ട്രെയിൻ തീവെപ്പ് കേസിൽ അറസ്റ്റിലായ ഷാറൂഖ് സെയ്ഫിയും രേഖാ ചിത്രവും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. പ്രതിയുടെ യഥാർത്ഥ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് കേരള പോലീസിന് നേരെ വിമർശനം ഉയർന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേരള പോലീസ് തന്നെ നേരിട്ട് രംഗത്തെത്തിയത്.
അതേസമയം, പ്രതി ഷഹറൂഖ് സെയ്ഫിനെ പിടികൂടിയ കേരള പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. മൂന്നു പേര്‍ കൊല്ലപ്പെട്ടതും പത്തോളം പേര്‍ക്ക് പരിക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം.
സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്താൻ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിവേഗം തന്നെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തെന്നും അതിന്റെ ഭാഗമായാണ് പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് സമീപം പിടികൂടാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഷഹറൂഖിനെ പിടികൂടിയതെന്നാണ് റിപ്പോർട്ട്. പ്രതിയുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റ് പരിക്ക് പറ്റിയിരുന്നു. തുടർന്ന് പ്രതി രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പോലീസ് ഇയാളെ പിടികൂടിയതെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...