Kudumbasree Police | കുടുംബശ്രീ സേവനം ഇനി പോലീസ് സ്റ്റേഷനിലും, വരുന്നു സ്ത്രീ കർമ്മസേന
സ്ത്രീ സുരക്ഷ ഉറപ്പാക്കുക, പോലീസ് സ്റ്റേഷനുകളെ കൂടുതൽ സ്ത്രീസൗഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ പദ്ധതിയിലൂടെ കേരളാ പോലീസ് വിഭാവനം ചെയ്യുന്നത്.
തിരുവനന്തപുരം: സ്ത്രീ കർമ്മസേനയെന്ന പേരിൽ ഇനി മുതൽ പോലീസിന്റെ ഭാഗമാകാൻ കുടുംബശ്രീ അംഗങ്ങളും. ഡിജിപി അനിൽ കാന്താണ് പദ്ധതിയുടെ വിശദരേഖ തയാറാക്കിയത്. സ്ത്രീകർമ്മസേനയെന്ന പേരിൽ പ്രത്യേക സംഘമായി രൂപീകരിക്കുന്ന പദ്ധതിയിൽ തിരഞ്ഞെടുക്കുന്നവർക്ക് യൂണിഫോമും പരിശീലനവും നൽകും.
കുടുംബശ്രീയിൽ നിന്ന് തിരഞ്ഞെടുക്കുന്ന അംഗങ്ങൾ കേരള പോലീസിലെ സേനാംഗങ്ങളായിട്ടല്ല പ്രവർത്തിക്കുക. മറിച്ച് സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ് പോലെ ഒരു പ്രത്യേക വിഭാഗമായിരിക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കുക, പോലീസ് സ്റ്റേഷനുകളെ കൂടുതൽ സ്ത്രീസൗഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ പദ്ധതിയിലൂടെ കേരളാ പോലീസ് വിഭാവനം ചെയ്യുന്നത്.
പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്ന കുടുംബശ്രീ പ്രവർത്തകർ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും പോലീസ് സ്റ്റേഷനിലുണ്ടാകണം. നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാർശപ്രകാരമാണ് ഇത്തരത്തിൽ പുതിയ പദ്ധതി പോലീസ് സേന രൂപീകരിച്ചത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയാറാക്കാൻ ആഭ്യന്തര സെക്രട്ടറി ഡിജിപി അനിൽ കാന്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കുടുംബശ്രീ പ്രവർത്തകർ സമൂഹത്തിന്‍റെ അടിത്തട്ട് വരെ സ്വാധീനമുള്ളവരാണ്. സമൂഹത്തിന്റെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവർത്തിക്കുന്നവരായത് കൊണ്ടാണ് കുടുംബശ്രീ പ്രവർത്തകരെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇവരെ പോലീസിലും ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...