തിരുവനന്തപുരം: Operation Kaval: സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടങ്ങൾ പതിവ് സംഭവങ്ങളാകുമ്പോൾ പൊലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം. ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡിന് രൂപം നൽകി ഓപ്പറേഷൻ കാവൽ പദ്ധതി പ്രഖ്യാപിച്ചിട്ടും ഗുണ്ടകൾ നിർബാധം അഴിഞ്ഞാടുകയാണ്. ഇതിനുപുറമേ ജില്ലാതലത്തിൽ സ്പെഷ്യൽ സംഘത്തിനും പൊലീസ് ചുമതല നൽകിയിട്ടും അക്രമ സംഭവങ്ങൾക്കും ഗുണ്ടാ പിരിവിനും തെല്ലും കുറവില്ല.
14,014 ഗുണ്ടകളെ ഇതുവരെ പിടികൂടിയതായി പൊലീസ് വാർത്താകുറിപ്പ് പുറത്തിറക്കി. മാത്രമല്ല, 225 പേർക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കുകയും ചെയ്തു. കോട്ടയത്ത് 19 കാരനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനുമുന്നിൽ കൊണ്ടിട്ടതും, തിരുവനന്തപുരത്തെ ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ ഗുണ്ടകൾ പെട്രോൾ ബോംബെറിഞ്ഞതുമാണ് ഏറ്റവുമൊടുവിൽ നടന്ന സംഭവവികാസങ്ങൾ.
കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്തെ ചില ജില്ലകളിൽ ഗുണ്ടാവിളയാട്ടം നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരിയിൽ ഉൾപ്പെടെ ഗുണ്ടകൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് പൊതുജനങ്ങളെ ആക്രമിക്കുന്നത്. പൊലീസിൻ്റെ മൂക്കിൻ തുമ്പിൽ നടക്കുന്ന പല സംഭവങ്ങളും ഉദ്യോഗസ്ഥർ പോലും അറിയുന്നത് മണിക്കൂറുകൾ കഴിഞ്ഞാണ്.
തിരുവനന്തപുരത്ത് ഗുണ്ടാ സംഘം അച്ഛനെയും മകളെയും അക്രമിക്കാൻ ശ്രമിച്ചതും പോത്തൻകോട് യുവാവിൻ്റെ വലതുകാൽ വെട്ടിമാറ്റിയെടുത്ത ശേഷം പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും അടുത്തിടെ തലസ്ഥാന നഗരിയെ ഞെട്ടിപ്പിച്ച സംഭവങ്ങളായിരുന്നു. ഗുണ്ടാ പിരിവ് നടത്തിയതിനും അക്രമസംഭവങ്ങൾക്കുമായി 1606 പേരാണ് തിരുവനന്തപുരം റൂറൽ പരിധിയിൽ മാത്രം അകത്തായത്.
Also Read: Gunda Attacks| ഇനി പകലിറങ്ങി നടക്കാനും പറ്റില്ലേ? ഗുണ്ടകൾ വിലസുന്ന 'ദൈവത്തിൻറെ സ്വന്തം നാട്
തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഗുണ്ടാ ആക്രമണങ്ങൾ കൂടുതൽ പെരുകുന്നതെന്നാണ് റിപ്പോർട്ടുകൾ. പൊലീസിൻ്റെ നേതൃത്വത്തിൽ ഗുണ്ടകളെ അമർച്ചചെയ്യാൻ രൂപീകരിച്ച ടാസ്ക് ഫോഴ്സ് പരാജയമാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ അടുത്തകാലത്ത് ഈ ജില്ലകളിൽ അരങ്ങേറിയ സംഭവവികാസങ്ങൾ.
കോട്ടയം കങ്ങഴ മുട്ടമ്പലത്ത് ഗുണ്ടാപക തീർക്കാൻ യുവാവിനെ വെട്ടിക്കൊന്ന ശേഷം കാൽപാദം റോഡിൽ പ്രദർശിപ്പിച്ചത് ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലായിരുന്നു. മറ്റൊരു അക്രമ സംഭവം കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുണ്ടായി. പോലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ മാസങ്ങൾക്കുമുൻപ് ഇവിടെ നിന്ന് പുറത്തുവന്നു.
Also Read: Murder | കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ചു
തീർന്നില്ല, കോട്ടയം ചിറക്കടവിന് സമീപവും ആക്രമണമുണ്ടായി. തിരുനക്കരയിലെ ഹോട്ടൽ ജീവനക്കാരനെ കുത്തി വീഴ്ത്തിയ ശേഷം പണം കവരാൻ ശ്രമം നടന്നു. പ്രതികളെ തേടിയെത്തിയവരെ സംഘത്തലവൻ ഇരുമ്പുവടികൊണ്ട് അടിച്ചത് എട്ടു മാസം മുൻപ്. രണ്ട് പൊലീസുകാർക്ക് ഇതിൽ പരിക്കേറ്റു.
തിരുവനന്തപുരത്തും ഗുണ്ടാവിളയാട്ടം നിർബാധം തുടരുകയാണ്. ഇക്കഴിഞ്ഞ ഡിസംബർ 12ന് ഉച്ചകഴിഞ്ഞാണ് പോത്തൻകോട് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വലതുകാൽ വെട്ടിമാറ്റിയത്. പോത്തൻകോട് സ്വദേശി സുധീഷ് കൊല്ലപ്പെട്ടു. ഗുണ്ടാ സംഘത്തിൽപ്പെട്ടവർ വളഞ്ഞിട്ട് ആക്രമിച്ചശേഷം മരണം ഉറപ്പാക്കുകയായിരുന്നു. കേസിൽ ഒട്ടകം രാജേഷ് അടക്കമുള്ള പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും അക്രമങ്ങളുടെ തുടക്കമായി പോത്തൻകോട് സുധീഷ് വധക്കേസ് മാറി. ഇതിനിടെ ഒട്ടകം രാജേഷിനെ പിടികൂടാൻ നിയോഗിച്ച സംഘത്തിൽപെട്ട പോലീസുകാരൻ വർക്കലയിൽ വള്ളം മറിഞ്ഞ് മരിക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ ഗുണ്ടാ പരമ്പരകൾ ഒടുങ്ങുന്നില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഇത്തരം നേർസാക്ഷ്യങ്ങൾ. കണിയാപുരത്ത് ഗുണ്ടാനേതാവ് യുവാവിനെ വഴിയിൽ മർദ്ദിച്ച് അവശനാക്കിയത് അടുത്ത കാലത്താണ്. ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തിയത്. പ്രതികളെ പിടികൂടിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പൊലീസ് ഗുണ്ടകൾക്ക് ഒത്താശ ചെയ്യുകയും ചെയ്തു.
കഴക്കൂട്ടം പള്ളിപ്പുറത്തിന് സമീപവും അടുത്തിടെ ഗുണ്ടാ ആക്രമണമുണ്ടായി. അന്യസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞിരുന്ന ഷാനവാസ് എന്നയാൾ ഒറ്റ രാത്രിയിൽ എട്ട് വീടുകളിൽ കയറി ഭീഷണി മുഴക്കുകയിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കഴുത്തിൽ കത്തി വച്ച് ഈ പിടികിട്ടാപ്പുള്ളിയായ ആൾ ഗുണ്ടാപിരിവും നടത്തി. മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നതോടെ ഒടുവിൽ പൊലീസിന് ഷാനവാസിനെ അറസ്റ്റുചെയ്തു മുഖം രക്ഷിക്കേണ്ടി വന്നു.
കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ എ എസ് ഐ ബൂട്ടിട്ട് ചവിട്ടിയ സംഭവവും പൊലീസിന് നാണക്കേട് ചാർത്തിക്കൊടുത്തു. എ.എസ്.ഐയെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ആഭ്യന്തരവകുപ്പിനും സർക്കാരിനും ഇത് ചീത്തപ്പേര് ഉണ്ടാക്കി. നിരവധി കേസുകളിൽ പ്രതിയായ പൊന്നൻ ഷമീർ ആയിരുന്നു ട്രെയിനിലെ യാത്രക്കാരൻ.
Also Read: Business Idea: വെറും 15,000 രൂപയ്ക്ക് ഈ കിടിലം ബിസിനസ്സ് ആരംഭിക്കൂ, നേടാം 3 മാസം കൊണ്ട് 3 ലക്ഷം രൂപ!
കൂടാതെ പുതുവത്സരാഘോഷ തലേന്ന് കോവളത്തേക്ക് മദ്യവുമായി പോയ വിദേശിയെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു ഒടുവിൽ അദ്ദേഹം മദ്യം ഒഴുകി കളഞ്ഞ സംഭവവും പോലീസിന് ക്ഷീണമുണ്ടാക്കി. ഗ്രേഡ് എസ്ഐ ഷാജിയെ സർക്കാർ സസ്പെൻഡ് ചെയ്തെങ്കിലും മുഖ്യമന്ത്രിക്ക് താൻ തെറ്റ് ചെയ്തിട്ടില്ലെന്ന കാട്ടി അപേക്ഷ നൽകിയതോടെ അദ്ദേഹത്തെ സർക്കാർ തിരിച്ചെടുക്കുകയായിരുന്നു.
പൊലീസ് അസോസിയേഷൻ ഉൾപ്പെടെ ഇടപെട്ട് ന്യായീകരിക്കാൻ ശ്രമിച്ച സംഭവം വലിയ തോതിൽ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചു. പാവങ്ങളുടെ സ്വത്തിനും സുരക്ഷയ്ക്കും സംരക്ഷണം നൽകേണ്ട പോലീസ് ആഭ്യന്തരവകുപ്പിനും സർക്കാരിനും മുഖ്യമന്ത്രിക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...