Kerala Police: അത്തപ്പൂവും നുളളി തൃത്താപ്പൂവും നുളളി- ജനമൈത്രി പോലീസിന്‍റെ ഓണപ്പാട്ടുകൾ
എ.ഡി.ജി.പി എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിലുളള പോലീസ് ഓര്‍ക്കസ്ട്ര ടീമാണ് ഓണപ്പാട്ടുകളുമായി രംഗത്തെത്തിയത്
തിരുവനന്തപുരം: കോവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധികളില്‍ നിന്ന് ഓണക്കാലത്ത് അതിജീവനത്തിന്‍റെ പുതുവഴി തേടുന്ന ഓരോ മലയാളിക്കും സംഗീതസാന്ദ്രമായ പൊന്നോണസദ്യ ഒരുക്കി ജനമൈത്രി പോലീസ്.
എ.ഡി.ജി.പി എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിലുളള പോലീസ് ഓര്‍ക്കസ്ട്ര ടീമാണ് ഓണപ്പാട്ടുകളുമായി രംഗത്തെത്തിയത്. മഹാമാരിയുടെ ആശങ്കകള്‍ക്കിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കഴിയുന്നത്ര പാലിച്ച് വീട്ടിലൊതുങ്ങി ഓണമാഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്നതിനൊപ്പം ആഘോഷങ്ങള്‍ക്ക് പകിട്ടൊട്ടും കുറയാതിരിക്കാനാണ് പോലീസിന്‍റെ ഈ സംഗീതവിരുന്ന്.
ഓണത്തിന്‍റെ ആരവും ആഘോഷവും ജനമനസുകളില്‍ എന്നും നിലനിര്‍ത്തുന്ന ഉത്രാടപ്പൂനിലാവേ, പൊന്നോണം വന്നു പൂംപട്ട്, അത്തക്കളത്തിന് പൂതേടുമ്പോള്‍, കതിര് കതിര് കതിര് കൊണ്ട്, ഓണപ്പൂവേ ഓമല്‍പ്പൂവേ, അത്തപ്പൂവും നുളളി തൃത്താപ്പൂവും നുളളി, ഓണക്കോടി ഉടുത്തൂ മാനം എന്നിവയാണ് കേരളാ പോലീസിന്‍റെ ഓണസമ്മാനത്തിലുളള ഗാനങ്ങളില്‍ ചിലത്. ഒപ്പം ജനമൈത്രി നാടകടീമിന്‍റെ കോവിഡ് ബോധവത്ക്കണ സ്കിറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മനോഹരമായ ഓണക്കാഴ്ചകള്‍ക്കൊപ്പം ചിത്രീകരിച്ചിരിക്കുന്ന നല്ലോണംപൊന്നോണം പരിപാടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ റിലീസ് ചെയ്ത പരിപാടി ആദ്യ മണിക്കൂറില്‍തന്നെ ആയിരക്കണക്കിന് പേരാണ് വീക്ഷിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...