ജലന്ധര്‍: കന്യാസ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

60 വയസ്സുകാരനായ ഫാ. കുര്യാക്കോസ് ജലന്ധറിനടുത്ത് ദസ്‍വ എന്ന സ്ഥലത്തുള്ള ചാപ്പലിലാണ് താമസിച്ചിരുന്നത്. വൈദികന്‍റെ മുറി അടച്ചിട്ട നിലയിലായിരുന്നു. രാവിലെയായിട്ടും വൈദികൻ മുറി തുറക്കാതിരുന്നതിനെത്തുടർന്ന് പ്രദേശവാസികള്‍ സ്ഥലത്തെത്തി. പല തവണ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍, വാതിൽ പൊളിച്ച് അകത്ത് കടന്ന ആളുകള്‍ക്ക് ഫാ. കുര്യാക്കോസിന്‍റെ മൃതദേഹമാണ് കാണാന്‍ കഴിഞ്ഞത്. 


വൈദികന്‍റെ മൃതദേഹം ദസ്‍വ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.


അതേസമയം, വൈദികന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ആരോഗ്യപരമായ പ്രശ്നങ്ങളൊന്നും വൈദികനില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കൂടാതെ, ഇന്നലെ വൈകുന്നേരം ഇടവകയിലെ കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തിരുന്നു. 


കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ പരാതി നൽകിയിരുന്നു. കന്യാസ്ത്രീയ്ക്ക് നീതി വേണമെന്നും ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണവിധേയമായി മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് വത്തിക്കാനും മാർപാപ്പയ്ക്കും പരാതി നൽകിയവരിൽ ഫാദർ കുര്യാക്കോസ് ഉണ്ടായിരുന്നു. കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെയും ഇദ്ദേഹം പിന്തുണച്ചിരുന്നു. ഇദ്ദേഹം മൊഴി നല്‍കിയതോടെയാണ് ജലന്ധര്‍ ബിഷപ്പിനെതിരേയുള്ള കേസ് ശക്തമായത്. 


കന്യാസ്ത്രീയുടെ പരാതി വിവാദമായപ്പോൾ കഴിഞ്ഞ മെയ് മാസം ഫാ. കുര്യാക്കോസിനെ സ്ഥലം മാറ്റിയിരുന്നു. ചാപ്പലിൽ ഫാദർ കുര്യാക്കോസിന് ഭീഷണിയുണ്ടെന്നും വധഭീഷണി മുഴക്കി ഫോൺകോളുകൾ വന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭീഷണികൾ ശക്തമായ സാഹചര്യത്തിൽ ഒരു ഘട്ടത്തിൽ സമരത്തിൽ നിന്ന് ഫാദർ പിൻവാങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.