കൊച്ചി: പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള കൊച്ചി മെട്രോയുടം രണ്ടാം ഘട്ടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് മഹാരാജാസ് വരെ മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും ഉദ്ഘാടന യാത്ര ചെയ്തു. മെട്രോമാന്‍ ഇ.ശ്രീധരന്‍, ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ.എം.ആര്‍.എല്‍. എം.ഡി ഏലിയാസ് ജോര്‍ജ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഹൈബി ഈഡന്‍ എം.എല്‍.എ, കെ.വി.തോമസ് എം.പി, മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിയവര്‍ ഉദ്ഘാടനയാത്രയില്‍ പങ്കു ചേര്‍ന്നു. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ പാതയുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. ബുധനാഴ്ച മുതല്‍ രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ സര്‍വീസുണ്ടാകും.


കൊച്ചി മെട്രോ: പശ്ചാത്തല വികസനത്തിന് മാതൃക


റെക്കോര്‍ഡ് സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൊച്ചി മെട്രോ കേരളത്തിന്‍റെ പശ്ചാത്തലവികസനത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 24 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഡ്രെയിനേജ്-കം-വാക്ക് വേ പദ്ധതി മെട്രോ പാതയ്ക്ക് അനുബന്ധമായി നടപ്പാക്കും. തൃപ്പൂണിത്തുറ, കാക്കനാട് വരെ മെട്രോ നീട്ടുന്ന കാര്യവും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. കൊച്ചി മെട്രോ നഗരഗതാഗത പദ്ധതി മാത്രമല്ല, സാമ്പത്തിക തൊഴില്‍ സാധ്യതകളുെ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


കൊച്ചി നഗരം കേന്ദ്രീകരിച്ച് സമഗ്ര ഗതാഗത വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. വാട്ടര്‍ മെട്രോ, വൈദ്യുത, സി.എന്‍.ജി ബസുകള്‍ എന്നിവയുള്‍പ്പടെ മികവുറ്റ പൊതുഗതാഗത സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വാട്ടര്‍ മെട്രോ നടപ്പാകുന്നതോടെ  വേമ്പനാട് കായല്‍ തീരങ്ങളിലും ദ്വീപുകളിലുമുള്ളലര്‍ക്ക് വരുമാന സ്രോതസുകളുണ്ടാകും. ഇന്‍ഫോ പാര്‍ക്കിന്‍റെ രണ്ടാം ഘട്ടം, സ്മാര്‍ട്ട് സിറ്റി പൂര്‍ത്തീകരണം എന്നിവയോടെ രാജ്യത്തിലെ തന്നെ പ്രധാന നഗരമായി കൊച്ചി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  


ഉള്ളത് നല്ലത് പോലെ പ്രവര്‍ത്തിക്കട്ടെയെന്നും അത് നിലനില്‍ക്കാനുള്ള അവസ്ഥയുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 


വീഡിയോ കാണാം.