കൊല്ലം: കൊല്ലം പൂരത്തിന്റെ ഭാഗമായ ആഘോഷപരിപാടികളില്‍ ആനപരിപാലന ചട്ടം കര്‍ശനമായി പാലിച്ച് എഴുന്നള്ളത്തും കുടമാറ്റവും ഉള്‍പ്പടെ നടത്തണമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശം. രാവിലെ പത്തിന് മുമ്പും ഉച്ചയ്ക്ക് മൂന്നിന് ശേഷവും എഴുന്നള്ളത്ത് നടത്താം. ചെറുപൂരങ്ങള്‍ക്കും ആനയൂട്ടിനും നീരാട്ടിനും തിരുമുമ്പില്‍ കുടമാറ്റത്തിനും നിർദേശങ്ങൾ ബാധകമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

25 ആനകളെ പങ്കെടുപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഡ്യൂട്ടിയിലുള്ള വെറ്ററിനറി സര്‍ജന്മാർ ആനകളുടെ ഡാറ്റ ബുക്ക്, ഇന്‍ഷുറന്‍സ്, ആരോഗ്യ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിക്കും.


ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് ആനപരിപാലകരെയും പരിശോധനയ്ക്ക് വിധേയരാക്കും. മുൻകരുതൽ നടപടിയുടെ ഭാ​ഗമായി മയക്കുവെടി ആംബുലന്‍സ് സജ്ജമാക്കും. ആരോഗ്യസ്ഥിതി മോശമായ ആനകളെയും മദപ്പാടുള്ള ആനകളെയും പൂരത്തില്‍ പങ്കെടുപ്പിക്കില്ല.


ആനകള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്നതിന്റെ പൂര്‍ണചുമതല മൃഗസംരക്ഷണ വകുപ്പിന്റെ എസ്പിസിഎ എലഫന്റ് സ്‌ക്വാഡിനാണ്. കുടമാറ്റവേദിയില്‍ 10 വെറ്ററിനറി സര്‍ജന്‍മാര്‍ക്കും എസ്പിസിഎ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഇതിന്റെ ചുമതല നല്‍കി.


എല്ലാവരും ആനകളില്‍നിന്ന് മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്ന് നിർദേശമുണ്ട്. സെല്‍ഫി എടുക്കുന്നത് ഒഴിവാക്കണമെന്നും ജില്ലാ മൃഗാശുപത്രി മേധാവി ഡോ.ഡി.ഷൈന്‍കുമാര്‍ അറിയിച്ചു. അതേസമയം, പൂരപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന കൊല്ലം പൂരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.


ALSO READ: പൂരങ്ങളുടെ പൂരത്തിന് കൊടിയേറി; ഇനി പൂരത്തിന്റെ ആവേശത്തിലേക്ക്


കൊല്ലം ആശ്രാമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച്  ആശ്രാമം മൈതാനിയിലാണ് കൊല്ലം പൂരം അരങ്ങേറുന്നത്. കൊല്ലം പൂരത്തോട് അനുബന്ധിച്ച് ഏപ്രിൽ 15ന് രാവിലെ ഏഴ് മണി മുതൽ 13 ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതോടെ പൂരത്തിന് തുടക്കമാകും.


ചെറുപൂരങ്ങൾ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിയതിനുശേഷം ആന നീരാട്ടും, ഉച്ചയോടെ ആനയൂട്ടും നടക്കും. വൈകിട്ട് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭഗവാന്റെ മുന്നിൽ  കുടമാറ്റം നടത്തിയതിനു ശേഷം ആനകൾ അശ്രാമം മൈതാനിയിലേക്ക് എത്തും.


താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖാമുഖം നിന്നാണ് കുടമാറ്റം നടത്തുന്നത്. ആശ്രാമം മൈതാനിയിൽ നടക്കുന്ന കുടമാറ്റത്തിൽ  ഇരുഭാഗത്ത് നിന്നുമായി 11 ആനകൾ വീതം  അണിനിരക്കും.


പുത്തൻകുളം അനന്തപത്മനാഭൻ പുതിയകാവ് ഭഗവതിയുടെ തിടമ്പേറ്റും. ചിറക്കര ശ്രീരാമാണ് താമരക്കുളം ഗണപതിയുടെ തിടമ്പേറ്റുന്നത്. കുടമാറ്റത്തിന് വ്യത്യസ്തവും ആകർഷകവുമായ കുടകൾ ആണ് ഇരുവിഭാഗവും ഒരുക്കിയിരിക്കുന്നത്. പൂരത്തിന് ആവേശം വർധിക്കുമ്പോഴും പൂരത്തിനായി ആനകളെ  ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥയുമുണ്ട്.


പൂരത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മന്ത്രി കെഎൻ ബാലഗോപാൽ പൂരം ഉദ്ഘാടനം ചെയ്യും. വ്യവസായി രവി പിള്ള ഭദ്രദീപം തെളിയിക്കും. 1991 ൽ ആരംഭിച്ച  കൊല്ലം പൂരത്തിനെത്തുന്ന പൂര പ്രേമികളുടെ എണ്ണം വർധിക്കുകയാണ്. അതുകൊണ്ടുതന്നെ പൂരം ആഘോഷിക്കാൻ പതിനായിരങ്ങളാണ് ഓരോ  വർഷവും ആശ്രാമം മൈതാനിയിലേക്ക് ഒഴുകിയെത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.