തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തുകയും തുടര്‍ന്ന് വനിതാ കമ്മീഷന്‍ കേസെടുക്കകയും ചെയ്തതിന് പിന്നാലെ അഭിനേതാവ് കൊല്ലം തുളസി മാപ്പെഴുതി നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമാണ് എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല സംരക്ഷണറാലിയില്‍ പങ്കെടുത്തു കൊണ്ട് കൊല്ലം തുളസി പറഞ്ഞത്.


കൊല്ലം തുളസിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ വനിതാ കമ്മീഷന്‍ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. 


എന്നാല്‍ കൊല്ലം തുളസിയുടെ മാപ്പപേക്ഷ കിട്ടിയെന്നും തുടര്‍നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ കൊല്ലം തുളസി മാപ്പ് ചോദിച്ചിരുന്നു. 


പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അതെന്നും അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു പങ്കു വച്ചതെന്നും കൊല്ലം തുളസി നേരത്തെ പ്രതികരിച്ചിരുന്നു.