കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തിലെ മുഖ്യപ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലെ വിശദാംശങ്ങള്‍ പുറത്ത്!


COMMERCIAL BREAK
SCROLL TO CONTINUE READING

അപേക്ഷയില്‍ റോയിയെ ജോളി കൊല്ലാനുള്ള നാലു കാരണങ്ങള്‍ പൊലീസ് വിശദീകരിച്ചിട്ടുണ്ട്. 


റോയിയുടെ അമിത മദ്യപാനം, അന്ധവിശ്വാസം, ജോളിയുടെ പരപുരുഷ ബന്ധത്തെ എതിര്‍ത്തത് കൂടാതെ സ്ഥിര വരുമാനമുള്ള ആളെ വിവാഹം കഴിക്കാനുള്ള ജോളിയുടെ ആഗ്രഹം ഇവയാണ് റോയിയെ കൊലപ്പെടുത്താനുള്ള കാരണങ്ങളായി പൊലീസ് പറയുന്നത്. 


മാത്രമല്ല ജോളി കൊലപാതകം നടത്തിയത് രണ്ടും മൂന്നും പ്രതികളുടെ അറിവോടെയാണെന്ന് മൊഴി നല്‍കിയതായും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ വിശദമാക്കുന്നുണ്ട്. 


ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടത്തായി കൂട്ടക്കൊലപാതകത്തിലെ മൂന്ന്‍ പ്രതികളേയും അടുത്ത ആറു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പതിനൊന്നു ദിവസത്തേയ്ക്കാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. 


കേസ് ഈ മാസം പതിനാറിന് പരിഗണിക്കും. അന്ന് പ്രതികളുടെ ജാമ്യാപേക്ഷയും പരിഗണിക്കുമെന്നാണ് സൂചന. 


കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. 


ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിഞ്ഞത്. അറസ്റ്റ് ഇവരില്‍ മാത്രം ഒതുങ്ങില്ലെന്ന്‍ അന്നേ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.


റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 


2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. 


2008-ല്‍ ടോം തോമസ്, 2011ല്‍ റോയി തോമസ്, 2014-ല്‍ അന്നമ്മയുടെ സഹോദരൻ മാത്യു, അതിനുശേഷം ടോം തോമസിന്‍റെ സഹോദരപുത്രന്‍റെ മകള്‍ അല്‍ഫോന്‍സ, ഒടുവില്‍ 2016ല്‍ സഹോദര പുത്രന്‍റെ ഭാര്യ സിലി എന്നിവരാണ്‌ കൊല്ലപ്പെട്ടത്.