കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ പൊന്നമറ്റത്തെത്തിച്ച് നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ നിന്നും കേസിലെ നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയെന്നാണ് സൂചന. നാലുമണിക്കൂറിലേറെ നീണ്ടുനിന്ന തെളിവെടുപ്പാണ് പോന്നമറ്റത്ത് നടന്നത്. 


വീട്ടില്‍ നിന്നും ഒരു കുപ്പികിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2002 ല്‍ അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി ഉപയോഗിച്ചാണെന്ന്‍ ജോളി പൊലീസിന് മൊഴി നല്‍കിയിരുന്നു.  


അതുകൊണ്ട് ഈ കുപ്പി കീടനാശിനിയുടെയാണോ അതോ സയനൈഡിന്‍റെയാണോ എന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല. 


പൊന്നമറ്റത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം മാത്യുവിന്‍റെ വീട്ടില്‍ പത്തു മിനിട്ട് പരിശോധന നടത്തിയിരുന്നു. ഇനി പ്രതികളെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. 


ശേഷം സിലിയുടെ മരണം നടന്ന ദന്താശുപത്രിയിലേയ്ക്ക് പ്രതികളെ കൊണ്ടുപോകുമെന്നും സൂചനയുണ്ട്. പ്രതികളെ ആറു ദിവസത്തേയ്ക്ക് മാത്രമാണ് പൊലീസിന് കസ്റ്റഡിയില്‍ കിട്ടിയിട്ടുള്ളൂ.


അതുകൊണ്ടുതന്നെ അന്വേഷണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത്.  കൂടത്തായി കൂട്ടകൊലപാതക കേസില്‍ ഇതുവരെ അഞ്ചു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 


ഇതിനിടയില്‍ ജോളിയ്ക്ക് മാത്യു സയനൈഡ് കൈമാറിയത് പൊന്നമറ്റത്തുവെച്ചാണെന്ന് ജോളിയും മാത്യുവും സ്ഥിരീകരിച്ചു. രണ്ടു കുപ്പികളിലായാണ് സയനൈഡ് കൈമാറിയതെന്നും അതില്‍ ഒരു കുപ്പി ഉപയോഗിച്ചെന്നും മറ്റേ കുപ്പി കളഞ്ഞെന്നും ജോളി തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞു. 


ജോളി ഓണസമയത്തും കേസിന്‍റെ പ്രാഥമിക അന്വേഷണം നടന്ന സമയത്തും ഇടയ്ക്കിടയ്ക്ക് കോയമ്പത്തൂരില്‍ പോയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ കാണാനായാണെന്ന്‍ പൊലീസിന് വിവരം ലഭിച്ചു. 


കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിയുന്നത്‌. 


റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 


2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. 


2008-ല്‍ ടോം തോമസ്, 2011ല്‍ റോയി തോമസ്, 2014-ല്‍ അന്നമ്മയുടെ സഹോദരൻ മാത്യു, അതിനുശേഷം ടോം തോമസിന്‍റെ സഹോദരപുത്രന്‍റെ മകള്‍ അല്‍ഫോന്‍സ, ഒടുവില്‍ 2016ല്‍ സഹോദര പുത്രന്‍റെ ഭാര്യ സിലി എന്നിവരാണ്‌ കൊല്ലപ്പെട്ടത്.