കൊച്ചി : മുഖ്യമന്ത്രിക്കെതിരായ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കി എൽ ഡി എഫ്. വിഷയത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ കൊച്ചിയിൽ പ്രകടനം നടന്നിരുന്നു.  പിന്നാലെ കെപിസിസി അധ്യക്ഷനെതിരെ വിമർശനവുമായി മന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ വിമർശനം ഉന്നയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ.സുധാകരൻ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും പൊതുപ്രവർത്തന മര്യാദകൾക്ക് നിരക്കാത്തതുമാണെന്ന് പി രാജീവ് പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവ് ഒരു സാഹചര്യത്തിലും നടത്താൻ പാടില്ലാത്തതുമായ പരാമർശമാണ് കെ സുധാകരൻ നടത്തിയതെന്നും പി രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.


ALSO READ : കോൺഗ്രസിനും ബിജെപിക്കും കേരളത്തിന്റെ വികസനം തടയുക എന്ന ലക്ഷ്യം മാത്രമെന്ന് കോടിയേരി


പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.


ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെതിരായി കെ.പി.സി.സി പ്രസിഡന്റ് ശ്രീ. കെ.സുധാകരൻ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. പൊതുപ്രവർത്തന മര്യാദകൾക്ക് നിരക്കാത്തതും ഒരു രാഷ്ട്രീയ നേതാവ് ഒരു സാഹചര്യത്തിലും നടത്താൻ പാടില്ലാത്തതുമായ പരാമർശമാണത്.


എന്താണ് ഈ പ്രകോപനത്തിന് ആധാരം? ബഹു. മുഖ്യമന്ത്രി, എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഏതാനും പരിപാടികളിൽ പങ്കെടുത്തു എന്നതാണ് കെ.പി. സി.സി പ്രസിഡന്റിനെ അസ്വസ്ഥനാക്കുന്നത്! 
തൃക്കാക്കരയിൽ എൽ.ഡി.എഫ് നടത്തുന്ന മുന്നേറ്റം യു.ഡി.എഫ് നേതൃത്വത്തിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. വികസനം എന്ന അജണ്ട ചർച്ചയായതോടെ യു.ഡി.എഫ് നിലപാട് വോട്ടർമാർ തന്നെ ചോദ്യം ചെയ്യുന്ന സ്ഥിതിയായി. ഇതിൽ വിറളി പൂണ്ട് സംസ്കാര രഹിതമായ പരാമർശങ്ങൾ ആദരണീയനായ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചിരിക്കുകയാണ്. സുധാകരന്റെ അധിക്ഷേപം തൃക്കാക്കരയിലെ ജനങ്ങൾ വിലയിരുത്തും.


സമാനമായ ഒരു പരാമർശത്തിന്റെ പേരിലാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന മണിശങ്കർ അയ്യരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഏതാനും നാളുകൾക്ക് മുൻപ് പുറത്താക്കിയത്. പ്രധാനമന്ത്രിക്കെതിരെ നീച് എന്ന പ്രയോഗമായിരുന്നു അദ്ദേഹം നടത്തിയത്. ഉടനെ നടപടിയെടുത്ത് പുറത്താക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിച്ചു.


മണിശങ്കർ അയ്യരുടെ കാര്യത്തിൽ സ്വീകരിച്ച നിലപാട് കോൺഗ്രസ് നേതൃത്വം സുധാകരന്റെ കാര്യത്തിലും സ്വീകരിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. അതെന്തായാലും പ്രളയത്തിലും, കോവിഡ് പ്രതിസന്ധിയിലും പതറാതെ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകിയ കേരള മുഖ്യമന്ത്രിയെ നിന്ദ്യമായ വാക്കുകൾ കൊണ്ട് ആക്ഷേപിച്ച സുധാകരന്റെ നടപടി ജനങ്ങൾ വിലയിരുത്തുക തന്നെ ചെയ്യും.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.