പ്രതിപക്ഷ ഐക്യത്തിന് സിപിഎം നിബന്ധന ഉറുമ്പ് ആനക്ക് കല്ല്യാണം ആലോചിച്ചപോലെ, പരിഹസിച്ച് കെ. സുധാകരൻ
പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസിന് മുന്‍പില്‍ നിബന്ധന വച്ച സിപിഎമ്മിനെ പരിഹസിച്ച് കെ പി സി സി അദ്ധ്യക്ഷന്‍ കെ. സുധാകരൻ കോണ്‍ഗ്രസില്ലാതെ മതേതര സഖ്യം സാധ്യമാവില്ല എന്നും സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരം: പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസിന് മുന്‍പില്‍ നിബന്ധന വച്ച സിപിഎമ്മിനെ പരിഹസിച്ച് കെ പി സി സി അദ്ധ്യക്ഷന്‍ കെ. സുധാകരൻ കോണ്‍ഗ്രസില്ലാതെ മതേതര സഖ്യം സാധ്യമാവില്ല എന്നും സുധാകരന്‍ പറഞ്ഞു.
കോൺഗ്രസുമായി ചേർന്നുളള പ്രതിപക്ഷ ഐക്യത്തിന് നവ ഉദാര വൽക്കരണത്തെയും വർഗ്ഗീയതയെയും തള്ളിപ്പറയാൻ പാര്‍ട്ടി തയ്യാറാകണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിളള ഉപാധി വച്ചതിന് പിന്നാലെയാണ് വിമർശനവുമായി കെ. സുധാകരൻ രംഗത്ത് എത്തിയത്. സിപിഎമ്മിന്‍റെ നിലപാട് പരമ പുശ്ഛത്തോടെ തള്ളാനേ കഴിയുവെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസിന് രാജ്യത്ത് ഇപ്പോഴും 24 ശതമാനം ജനങ്ങളുടെ പിൻതുണയുണ്ട്. സിപിഎമ്മിന് കേവലം 1.6 ശതമാനം വോട്ട് മാത്രമാണുള്ളത്. അവരാണ് കോൺഗ്രസിന് മുന്നിൽ ഉപാധി വക്കുന്നത്. കേരളം എന്ന തുരുത്തിൽ മാത്രമാണ് ഇപ്പോൾ സിപിഎം ഉള്ളത്. സിപിഎമ്മിന്‍റെ വാദം യുക്തിക്ക് നിരക്കുന്നതല്ല. ബംഗാളിലും ത്രിപുരയിലും സ്ഥാനാര്‍ഥിയെ നിർത്താൻ പോലും ഗതി ഇല്ലാത്ത അവസ്ഥിലാണ് ഇപ്പോൾ സിപിഎം. എസ്ആർപിയുടെ വാദം കേൾക്കുമ്പോൾ ഉറുമ്പ് ആനയ്ക്ക് കല്ല്യാണം ആലോചിച്ച കഥയാണ് ഓർമ വരുന്നതെന്നും കെ. സുധാകരൻ പരിഹസിച്ചു.
Also Read: സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയേറും; പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം
രാജ്യത്ത് കോൺഗ്രസില്ലാതെ മതനിരപേക്ഷ ബദൽ സാധ്യമല്ലെന്ന് സ്റ്റാലിനും മമതാ ബാനർജിയും ഉൾപ്പെടെയുളള പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രതിപക്ഷ പാർട്ടികളും ആഗ്രഹിക്കുന്നത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മതനിരപേക്ഷ ബദൽ ശക്തിപ്രാപിക്കണമെന്നാണ്. എന്നാൽ പ്രതിപക്ഷ ഐക്യം പൊളിക്കുക എന്നതാണ് സിപിഎമ്മിന്‍റെ ലക്ഷ്യമെന്നും ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കെ. സുധാകരൻ കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക