പ്രതിസന്ധിക്ക് അയവില്ലാതെ കെഎസ്ആർടിസി; മെയ് മാസത്തെ ശമ്പളത്തിനായി 65 കോടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇനിയും അയവില്ല. ഏപ്രിൽ മാസത്തെ ശമ്പളം നൽകിയെങ്കിലും മെയ് മാസത്തെ ശമ്പളം നൽകാനായി പണം കണ്ടെത്താനാകാതെ മാനേജ്മെൻ്റ് കുഴയുകയാണ്. ഇതിനിടെ, ശമ്പള പ്രതിസന്ധി മറികടക്കാൻ സർക്കാരിനോട് 65 കോടി രൂപ നൽകാൻ കെഎസ്ആർടിസി അഭ്യർഥിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇനിയും അയവില്ല. ഏപ്രിൽ മാസത്തെ ശമ്പളം നൽകിയെങ്കിലും മെയ് മാസത്തെ ശമ്പളം നൽകാനായി പണം കണ്ടെത്താനാകാതെ മാനേജ്മെൻ്റ് കുഴയുകയാണ്. ഇതിനിടെ, ശമ്പള പ്രതിസന്ധി മറികടക്കാൻ സർക്കാരിനോട് 65 കോടി രൂപ നൽകാൻ കെഎസ്ആർടിസി അഭ്യർഥിച്ചിട്ടുണ്ട്.
22 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം ലഭിച്ചത്. ആദ്യഘട്ടത്തിൽ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമാണ് ശമ്പളം നൽകിയത്.അതിന് ശേഷം മിനിസ്റ്റീരിയൽ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഇന്നലെയും മിനിഞ്ഞാന്നുമായി ശമ്പളം നൽകി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കെഎസ്ആർടിസിയിലുള്ളത്.
Read Also: ജന്മദിനത്തിൽ അഭിനയ വിസ്മയത്തിന് ആരാധകൻ തീർത്ത നൂറ് പേപ്പറുകളിലെ സമ്മാനം
ഇതിനിടെ 65 കോടി രൂപ മെയ് മാസത്തെ ശമ്പളം നൽകാൻ സർക്കാരിനോട് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സർക്കാർ ആദ്യഘട്ടത്തിൽ 30 കോടി മാത്രം നൽകാനായിരിക്കും സാധ്യത. വിവിധ റൂട്ടുകളിലോടിയ ബസ്സുകളിൽ നിന്നുള്ള കളക്ഷൻ ഉൾപ്പെടെയെടുത്തു കൊണ്ട് സർക്കാർ സഹായവും മാനേജ്മെൻറ് സഹായവും ചേർത്താണ് 70 കോടി രൂപ കൊണ്ട് ഏപ്രിലിൽ ശമ്പളം നൽകിയത്.
സർക്കാർ കെഎസ്ആർടിസിയെ കൈവിടില്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും വരും മാസങ്ങളിൽ ശമ്പളം നൽകാൻ പണം എവിടന്ന് കണ്ടെത്തുമെന്നുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്. മാത്രമല്ല, അടുത്ത മാസം ആറിന് മുമ്പ് ജൂൺ മാസത്തെ ശമ്പളം കിട്ടിയില്ലെങ്കിൽ അനിശ്ചിതകാലസമരത്തിലേക്ക് പോകുമെന്ന് സിഐടിയു ഉൾപ്പെടെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ആറിന് മുമ്പ് സമരം സംബന്ധിച്ച കാര്യത്തിൽ ബദൽ നയവും പ്രഖ്യാപിച്ചേക്കും.
Read Also: മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചു; ജനങ്ങളും പങ്കാളികളാകണമെന്ന് മന്ത്രി
ടിഡിഎഫ്, ബിഎംഎസ്, എഐടിയുസി ഉൾപ്പടെയുള്ള വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ തൽക്കാലം പ്രതിഷേധ പരിപാടികൾക്ക് അയവു വരുത്തിയിട്ടുണ്ടെങ്കിലും അടുത്ത മാസത്തെ ശമ്പളം മുടങ്ങിയാൽ പ്രതിഷേധം കടുത്തേക്കും. മെയ് മാസത്തെ ശമ്പളത്തിനായി സർക്കാരിനോട് അഭ്യർത്ഥിച്ച് 65 കോടിയിൽ സർക്കാർ എത്ര നൽകും എന്നുള്ളത് കാത്തിരുന്ന് തന്നെ അറിയണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...