ന്യൂ ഡൽഹി : വിവാദ കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി റോസ് അവന്യൂ കോടതി നിർദേശം നൽകി. കെ.ടി ജലീൽ എംഎൽഎയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ജി.എസ് മണിയുടെ പരാതിയിന്മേലാണ് കോടതിയുടെ നിർദേശം. ജലീലിനെതിരെ ഉച്ചിത വകുപ്പുകൾ ചാർത്തി കേസെടുക്കുമെന്നാണ് റോസ് അവന്യൂ കോടതി ഡൽഹി തിലക് മാർഗ് പോലീസിന് നിർദേശം നൽകിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ പരാതി ഫയലിൽ സ്വീകരിച്ച കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പോലീസ് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നുള്ള വാദത്തിലാണ് കോടതി മലപ്പുറം തവനൂരിൽ നിന്നുള്ള ഇടതുപക്ഷ എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ ഡൽഹി പോലീസിനോട് നിർദേശം നൽകിയത്. കേരളത്തിൽ ജലീലിനെതിരെ സമാനമായ കേസ് നിലനിൽപ്പുണ്ടെന്നും കോടതി നിർദേശിച്ചാൽ ജലീലിനെതിരെ കേസ് രജിസ്റ്റർ ചെയ്യാമെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.


ALSO READ : Gyanvapi Masjid Case Update: മുസ്ലീം പക്ഷത്തിന്‍റെ അപേക്ഷ തള്ളി, കേസില്‍ തുടര്‍വാദം സെപ്റ്റംബർ 22ന്


ഇക്കാര്യം കോടതി പരാതിക്കാരനോട് ചോദിക്കുകയും ചെയ്തു. എന്നാൽ കേരളത്തിലെ നിയമനടപടികളിൽ തനിക്ക് വിശ്വാസമില്ലെന്നും ഡൽഹി പോലീസിന് അന്വേഷിക്കാൻ നിർദേശിക്കണമെന്ന് പരാതിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടു. തുടർന്ന് ഇത് സംബന്ധിച്ച് കോടതി വിശദമായ വാദം കേൾക്കുകയും കേസ് അന്വേഷിക്കാൻ പോലീസിന് നിർദേശം നൽകുകയായിരുന്നു. അതേസമയം പോലീസ് ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ജി എസ് മണി വ്യക്തമാക്കി. 


സമാന വിഷയത്തിൽ ഇടതുപക്ഷ എംഎൽഎയ്ക്കെതിരെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടിരുന്നു. ആർ.എസ്.എസ്. നേതാവ് അരുൺ മോഹന്‍റെ പരാതിയിന്മേലായിരുന്നു കോടതി നടപടി. കീഴ്വായ്പൂർ എസ്.എച്ച്.ഒക്കാണ് ഇതുസംബന്ധിച്ച നിർദേശം കോടതി നൽകിയിരുന്നത്.


ALSO READ : AN Shamseer: എഎൻ ഷംസീർ നിയസമഭാ സ്പീക്കർ; ഷംസീറിന് 96 വോട്ട്, അൻവർ സാദത്തിന് ലഭിച്ചത് 40 വോട്ട്


കശ്മീ‍ർ സന്ദർശിച്ച ശേഷം ഫേസ്ബുക്കിൽ കെ.ടി ജലീലിട്ട പോസ്റ്റിലെ പരമാർശങ്ങള്‍ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. 'പാക് അധീന കശ്മീർ' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീർ' എന്നാണ് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പാകിസ്താൻ അനുകൂലികൾ നടത്തുന്ന പ്രയോഗമാണെന്നായിരുന്നു വിമർശനം. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമർശം.


വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് ജലീൽ പിൻവലിച്ചിരുന്നു. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു വിശദീകരണം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.