എആർ നഗർ സഹകരണ ബാങ്കിൽ നടക്കുന്ന തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നതിൽ തനിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് KT Jaleel
തട്ടിപ്പ് പുറത്ത് കൊണ്ട് വരേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണെന്നും അത് നിർവ്വഹിക്കുന്നതിൽ പിണറായി സർക്കാർ മുന്നിലാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു
തിരുവനന്തപുരം: എആർ നഗർ സഹകരണ ബാങ്കിൽ നടക്കുന്ന തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നതിൽ തനിക്ക് മുഖ്യമന്ത്രി (Chief Minister) പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് കെടി ജലീൽ എംഎൽഎ. തട്ടിപ്പ് പുറത്ത് കൊണ്ട് വരേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണെന്നും അത് നിർവ്വഹിക്കുന്നതിൽ പിണറായി സർക്കാർ മുന്നിലാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചും പരിഹസിച്ചുമാണ് ജലീലിന്റെ പുതിയ കുറിപ്പും. "എആർ നഗർ ബാങ്കിൽ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാൻ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകൾക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണ് പ്രതിഫലമായി സമുദായപ്പാർട്ടിയുടെ നേതാവ് 'കുഞ്ഞാപ്പ' നൽകുന്നത്. വ്യാജ അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം 'കമ്പനി'ക്കാണ്" എന്നിങ്ങനെ കുഞ്ഞാലിക്കുട്ടിയെ ആക്രമിച്ചാണ് Facebook Post.
നേരത്തെ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെടി ജലീലിനെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പ് പുറത്ത് കൊണ്ട് വരാൻ തനിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് ജലീൽ അവകാശവാദം ഉന്നയിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: AR നഗർ സഹകരണ ബാങ്കിൽ ഹരികുമാറിനെ മുന്നിൽ നിർത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനുകോടികളുടെ കള്ളപ്പണ-അഴിമതി- ഹവാല-റിവേഴ്സ് ഹവാല ഇടപാടുകൾ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നൽകുന്ന കരുത്ത് അളവറ്റതാണ്. സാധാരണ ഗതിയിൽ ഒരു പ്രാഥമിക സഹകരണ സംഘത്തിൽ പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ അംഗങ്ങളും ഇരുപതിനായിരത്തിൽ താഴെ എക്കൗണ്ടുകളും ഉണ്ടാകാനേ ഇടയുള്ളൂ. കൂടിയാൽ ഇരുപതിനായിരത്തോളം അംഗങ്ങളും ഇരുപത്തയ്യായിരത്തോളം അക്കൗണ്ടുകളും.
എന്നാൽ AR നഗർ പ്രാഥമിക കാർഷിക സഹകരണ സംഘത്തിൽ അറുപതിനായിരത്തിലധികം അംഗങ്ങളും എൺപതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്. ഇതിൽ നിന്നുതന്നെ കാര്യങ്ങളുടെ 'ഗുട്ടൻസ്' ആർക്കും പിടികിട്ടും. AR നഗർ ബാങ്കിൽ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാൻ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകൾക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണത്രെ പ്രതിഫലമായി സമുദായപ്പാർട്ടിയുടെ നേതാവ് 'കുഞ്ഞാപ്പ' നൽകുന്നത്. വ്യാജ അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം 'കമ്പനി'ക്കാണ്.
ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്ലിം ലീഗിൻ്റെ (Muslim League) 'പുലിക്കുട്ടി' നടത്തുന്ന അഴിമതിപ്പണമുപയോഗിച്ച ഹിമാലയൻ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ട് വരൽ ഓരോ പൗരൻ്റെയും കടമയാണ്. ആ ബാധ്യതാ നിർവ്വഹണ പാതയിൽ പിണറായി സർക്കാർ മുന്നിലുണ്ടെന്ന സന്ദേശം പോരാളികൾക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...