തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയുടെ തീര്‍ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്ക് നടത്തിയ യാത്ര തടഞ്ഞതിനെ ചൊല്ലിയുള്ള പ്രക്ഷോഭത്തില്‍ വിതുരയിലും സംഘര്‍ഷം.


COMMERCIAL BREAK
SCROLL TO CONTINUE READING

വിതുരയില്‍ നടക്കുന്ന ലാത്തിച്ചാര്‍ജിലും കല്ലേറിലും പൊലീസുകാരടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിശ്വാസികള്‍ ഒരു കെഎസ്ആര്‍ടിസി ബസ് കല്ലെറിഞ്ഞു തകര്‍ത്തു.


വിതുരയില്‍ സംസ്ഥാന പാത തടയുന്നത് അടക്കമുള്ള സമരത്തിനാണ് തീര്‍ഥാടകര്‍ നേതൃത്വം നല്‍കിയിരുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് തഹസില്‍ദാറും സഭാനേതൃത്വവുമായി സമവായ ചര്‍ച്ചനടന്നു. ചര്‍ച്ചയില്‍ അന്‍പത് പേരെ കുരിശുമലയിലേക്ക് കടത്തിവിടാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും മുഴുവന്‍ വിശ്വാസികളേയും കടത്തി വിടണമെന്നും സമരക്കാര്‍ നിലപാട് വ്യക്തമാക്കി.


നെയ്യാറ്റിന്‍കര രൂപതയ്ക്ക് കീഴിലെ തീര്‍ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കുള്ള വിശ്വാസികളുടെ സന്ദര്‍ശനം രാവിലെ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാത്ത വിശ്വാസികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.


ജനക്കൂട്ടം പൊലീസിന് നേര്‍ക്ക് കല്ലേറ് നടത്തി. പൊലീസും തിരിച്ച് കല്ലെറിഞ്ഞു. ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. വൈദികര്‍ അടക്കമുള്ളവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജുണ്ടായി.


അതേസമയം സംഘർഷത്തിനെത്തുടര്‍ന്ന് വനംമന്ത്രിയുമായി രമേശ് ചെന്നിത്തല സംസാരിച്ചു. ആരാധന എതിർക്കില്ലെന്ന് വനം മന്ത്രി ഉറപ്പ് നൽകിയെന്നും 50 പേരെ കടത്തിവിടാമെന്ന് ഉറപ്പ് നൽകിയെന്നും സമരക്കാരെ അറിയിച്ചു.