തോമസിനെ പുറത്താക്കില്ല; സുപ്രധാന പദവികളിൽ നിന്ന് നീക്കി; ലക്ഷൃം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്; അച്ചടക്ക സമിതിയുടെ തീരുമാനങ്ങൾ ഇങ്ങനെ.
എഐസിസി അംഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും നീക്കാനാണ് നിലവിൽ തീരുമാനമെടുത്തിരിക്കുന്നത്
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരായ അച്ചടക്ക നടപടി മയപ്പെടുത്തി കോൺഗ്രസ്. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യേണ്ടതില്ലെന്ന് എഐസിസി തീരുമാനിച്ചു. പകരം എഐസിസി അംഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും നീക്കും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് നേതൃത്വത്തിൻ്റെ തീരുമാനം. അതേസമയം തന്നെ ആർക്കും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കഴിയില്ലെന്നും കോൺഗ്രസ്സുകാരനായി തുടരുമെന്നും കെ.വി തോമസ് പ്രതികരിച്ചു.
കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് പിന്നാലെയാണ് കെ.വി തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറെടുത്തത്. തോമസിനെ സസ്പെൻഡ് ചെയ്യുമെന്നുള്ള സൂചനകൾ പുറത്തുവന്നിരുന്നെങ്കിലും താക്കീത് നൽകി അച്ചടക്ക നടപടി മരവിപ്പിക്കാനാണ് നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്താൽ വീര പരിവേഷം കിട്ടി സിപിഎമ്മിലേക്ക് പോവുകയാണെന്ന് തോന്നലുണ്ടാകുമെന്ന സാഹചര്യം കൂടി മുന്നിൽ കണ്ടാണ് നിലപാട് മയപെടുത്തിയിരിക്കുന്നത്.
എഐസിസി അംഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും നീക്കാനാണ് നിലവിൽ തീരുമാനമെടുത്തിരിക്കുന്നത്. പദവികളിൽ നിന്ന് നീക്കി താക്കീത് ചെയ്യാനാണ് അച്ചടക്ക സമിതി യോഗത്തിൻ്റെ തീരുമാനം. ശുപാർശ ഹൈക്കമാൻഡ് തത്വത്തിൽ അംഗീകരിച്ചു. ശശി തരൂരിനും കെ.വി തോമസിനുമാണ് സിപിഎം പാർട്ടി കോൺഗ്രസിൽ ക്ഷണമുണ്ടായിരുന്നത്. ശശി തരൂർ പാർട്ടി അനുമതി അംഗീകരിച്ചു കൊണ്ട് പോകാതിരിക്കുകയും തോമസ് സിപിഎമ്മിൻ്റെ ക്ഷണം സ്വീകരിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുകയും ചെയ്തതാണ് വലിയ വിവാദത്തിനിടയാക്കിയത്.
ഇത് ഇരട്ട നീതിയാകുമെന്നും കോൺഗ്രസിനെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്നും കെപിസിസി എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് നിലപാട് മയപെടുത്തിയിരിക്കുന്നത്. അതേസമയം പഞ്ചാബ് പിസിസി അധ്യക്ഷൻ സുനിൽ ചെക്കാറിനെതിരെ കടുത്ത നടപടിയാണ് അച്ചടക്ക സമിതി തീരുമാനിച്ചത്. രണ്ടു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ചരൺജിത്ത് സിംഗ് ഛന്നിക്കെതിരായ ദളിത് വിരുദ്ധ പരാമർശം നടത്തിയതിനാണ് എഐസിസി നടപടിയെടുത്തത്.
അതിനിടെ, എഐസിസി നടപടിയിൽ പ്രതികരണവുമായി കെ വി തോമസ് രംഗത്തെത്തി. കോൺഗ്രസ് വികാരമാണെന്നും തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജീവിതകാലം മുഴുവൻ കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...