കേരളത്തെ നമ്പര്‍ വണ്‍ ആക്കിയത് ഇടതുപക്ഷ സര്‍ക്കാരുകള്‍: എന്‍ എസ് മാധവന്‍
ജനതയുടെ പോരാട്ട ചരിത്രത്തിന്റെ നാള്‍വഴികള്‍ ആവേശമുണര്‍ത്തുന്ന പ്രതിരൂപങ്ങളിലാക്കി ഒരുക്കിയ പ്രദര്‍ശനം കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരുകളുടെ ക്ഷേമ - വികസന നിലപാടുകളുടെ നേര്‍സാക്ഷ്യങ്ങളും ഒരുക്കുന്നു.
കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ നമ്പര്‍ വണ്‍ ആയതിന് കാരണം ഇടതുപക്ഷ സര്‍ക്കാരുകളാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. മറൈന്‍ ഡ്രൈവില്‍ കലയുടെ ചലനങ്ങളുമായി ഉണര്‍ന്ന അഭിമന്യു നഗറില്‍ ചരിത്ര-ചിത്ര-ശില്പ- പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളന നഗരിയില്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്ന ആദ്യത്തെ വേദിയാണ് അഭിമന്യു നഗര്‍.
ജനതയുടെ പോരാട്ട ചരിത്രത്തിന്റെ നാള്‍വഴികള്‍ ആവേശമുണര്‍ത്തുന്ന പ്രതിരൂപങ്ങളിലാക്കി ഒരുക്കിയ പ്രദര്‍ശനം കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരുകളുടെ ക്ഷേമ - വികസന നിലപാടുകളുടെ നേര്‍സാക്ഷ്യങ്ങളും ഒരുക്കുന്നു. ശെല്‍വരാജ്, (പുന്നപ്ര-വയലാര്‍) പ്രേമന്‍ കുഞ്ഞിമംഗലം (എ.കെ.ജി ) ശ്യാം (മാര്‍ക്‌സ്-എംഗല്‍സ്-ലെനിന്‍ ) ശ്രീനിവാസന്‍ അടാട്ട് (പാലിയം സമരം), ശീലാല്‍, ബിനേഷ്, ഹരി, റിനേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് ആറ് ദിവസം കൊണ്ട് ശില്പങ്ങള്‍ തയ്യാറാക്കിയത്.
പെട്ടെന്ന് തയ്യാറാക്കാനാകുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് മനോഹര ശില്പങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. പോളിഫോം, മെറ്റല്‍ പൊടി എന്നിവ ഉപയോഗിച്ചാണ് ജീവസ്സുറ്റ മാര്‍ക്‌സ്- എംഗല്‍സ് - ലെനിന്‍ ശില്പം നിര്‍മിച്ചത്. 89ൽ ശെൽവരാജ് ചെയ്തതാണ് മഹാരാജാസിന്റെ സെന്റര്‍ സര്‍ക്കിളിലെ പ്രവാചകന്‍ എന്ന ശില്പം.
കോഴിക്കോട് ഹാഷിം മെമ്മോറിയല്‍ നഴ്‌സിംഗ് കോളേജിലുള്ള കലാലയ ശില്പം ഒരുക്കിയത് ശെല്‍വരാജിന്റെ നേതൃത്വത്തിലാണ്. കേരളത്തിലെ ഏറ്റവും വലിയ കലാലയ ശില്പമൊരുക്കിയ കലാകാരന്‍ എന്ന ഖ്യാതിയും ശെല്‍വരാജിനുണ്ട്. ആനന്ദക്കുട്ടന്‍ ആണ് പ്രദര്‍ശനം സംവിധാനം ചെയ്തത്. പത്തനാട് ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍ അദ്ധ്യാപിക ഡോ. രേണു പ്രദര്‍ശന വിഷയങ്ങളുടെ ഗവേഷണവും രചനയും നിര്‍വഹിച്ചു. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി പി. രാജീവ്, കടന്നപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...