2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ച് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദു:സ്വപ്‌നമായി അവശേഷിക്കുകയാണ്. 91 സീറ്റ് നേടി സംസ്ഥാനത്ത് അധികാരത്തിലേറിയ മുന്നണി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വെറും ഒരു സീറ്റിലേക്ക് ഒതുങ്ങി. അത് മാത്രമല്ല, ഒരിക്കലും തോല്‍ക്കില്ലെന്ന് ഉറപ്പിച്ച സീറ്റുകളില്‍ പോലും വന്‍ ഭൂരിപക്ഷത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 20 സീറ്റില്‍ 19 ഉം ജയിച്ച് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് കരുത്ത് തെളിയിക്കുകയും ചെയ്തു. 2019 ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചത് സിപിഎമ്മിന്റെ ഏക എംപിയായ എഎം ആരിഫിന് ആയിരുന്നു എന്ന് കൂടി ഓര്‍ക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും വിജയാഹ്ലാദം അധികനാള്‍ നീണ്ടുനിന്നില്ല. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും എല്‍ഡിഎഫും തിരിച്ചടിച്ചു. കോണ്‍ഗ്രസിനേയും യുഡിഎഫിനേയും നിലംപരിശാക്കി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നിലംതൊട്ടില്ല. 99 സീറ്റ് നേടി പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി.


പക്ഷേ, 2019 ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം സിപിഎമ്മിനെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ആ കണക്കുകള്‍ ഒന്ന് പരിശോധിക്കാം...


വിജയി പാർട്ടി ഭൂരിപക്ഷം
എഎം ആരിഫ് (ആലപ്പുഴ) സിപിഐഎം 10,474
രമ്യ ഹരിദാസ് (ആലത്തൂർ) കോൺഗ്രസ് 1,58,968
അടൂർ പ്രകാശ് (ആറ്റിങ്ങൽ) കോൺഗ്രസ് 38,247
ബെന്നി ബെഹനാൻ (ചാലക്കുടി കോൺഗ്രസ് 1,32,274
ഹൈബി ഈഡൻ (എറണാകുളം) കോൺഗ്രസ് 1,69,153
ഡീൻ കുര്യാക്കോസ് (ഇടുക്കി) കോൺഗ്രസ് 1,71,053
കെ സുധാകരൻ (കണ്ണൂർ) കോൺഗ്രസ് 94,559
രാജ്മോൻ ഉണ്ണിത്താൻ (കാസർഗോഡ്) കോൺഗ്രസ് 40,438
എൻകെ പ്രേമചന്ദ്രൻ (കൊല്ലം) ആർഎസ്പി 1,48,856
തോമസ് ചാഴിക്കാടൻ (കോട്ടയം) കേ. കോൺഗ്രസ് (എം) 1,06,259
എംകെ രാഘവൻ (കോഴിക്കോട്) കോൺഗ്രസ് 85,225
പികെ കുഞ്ഞാലിക്കുട്ടി (മലപ്പുറം) മുസ്ലീം ലീഗ് 2,60,153
കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര കോൺഗ്രസ് 61,138
വികെ ശ്രീകണ്ഠൻ (പാലക്കാട്) കോൺഗ്രസ് 11,637
ആന്റോ ആന്റണി (പത്തനംതിട്ട) കോൺഗ്രസ് 44,243
ഇടി മുഹമ്മദ് ബഷീർ (പൊന്നാനി) മുസ്ലീം ലീഗ് 1,93,273
ശശി തരൂർ (തിരുവനന്തപുരം) കോൺഗ്രസ് 99,989
ടിഎൻ പ്രതാപൻ (തൃശ്ശൂർ) കോൺഗ്രസ് 93,633
കെ മുരളീധരൻ (വടകര) കോൺഗ്രസ് 84,663
രാഹുൽ ഗാന്ധി (വയനാട്) കോൺഗ്രസ് 4,31,770

 


 


 


 


2019 ല്‍ രണ്ട് കാര്യങ്ങളായിരുന്നു സിപിഎമ്മിനേയും എല്‍ഡിഎഫിനേയും പ്രതിസന്ധിയിലാക്കിയത്. അതില്‍ ഏറ്റവും പ്രധാനം രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിച്ചു എന്നതായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് പ്രതീക്ഷിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു അത്. ഇടത് അനുഭാവം വച്ചുപുലര്‍ത്തുന്നവരും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ആ പ്രതീക്ഷയില്‍ വിശ്വാസമര്‍പിച്ച് കോണ്‍ഗ്രസിനും യുഡിഎഫിനും ഒപ്പം നിന്ന കാഴ്ചയായിരുന്നു അന്ന് കണ്ടത്. കേരളത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി എന്ന മട്ടില്‍ രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി വന്‍ പ്രചാരണവും കോണ്‍ഗ്രസ് അഴിച്ചുവിട്ടിരുന്നു. ഇതിന്റെ മൊത്തം പ്രതിഫലനം എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പ്രകടമാവുകയും ചെയ്തു. സീറ്റ് വിഭജനത്തിലെ പ്രശ്‌നവും ഗ്രൂപ്പ് പോരാട്ടവും തമ്മില്‍തല്ലും എല്ലാമായി അലങ്കോലപ്പെട്ട് കിടന്നിരുന്ന കോണ്‍ഗ്രസിന് അപ്രതീക്ഷിത വിജയം ലഭിക്കുകയും ചെയ്തു.


Read Also: 'അടുത്ത 5 വര്‍ഷം വികസന കുതിപ്പ്'; തിരഞ്ഞെടുപ്പിന് കളമൊരുക്കി മോദി സര്‍ക്കാര്‍


എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വരവ് മാത്രമായിരുന്നില്ല ഇടതുപക്ഷത്തിന് പ്രശ്‌നമായത്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പിലാക്കാന്‍ ശ്രമിച്ചത് വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണമായി. അക്കാലത്ത് ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ഈ പ്രതിഷേധത്തിന്റെ എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ടേയിരുന്നു. ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടിലും സിപിഎമ്മിന് തിരിച്ചടി നേരിട്ടത് ഇക്കാരണം കൊണ്ടാണ്. 


2019 അല്ല 2024 എന്ന പ്രത്യേകതയുണ്ട്. രാഹുല്‍ ഗാന്ധി അന്ന് ഒരു തരംഗമായിരുന്നെങ്കില്‍, ഇന്ന് അങ്ങനെയൊരു തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനോ അദ്ദേഹത്തിനോ കഴിഞ്ഞിട്ടില്ല. ഇന്ത്യ മുന്നണിയിലും വലിയ പ്രതീക്ഷ വയ്‌ക്കേണ്ടതില്ലെന്ന സൂചനകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. അതുപോലെ തന്നെ, ശബരിമല സ്ത്രീ പ്രവേശനം പോലെ ഒരു വലിയ വിവാദം ഈ തിരഞ്ഞെടുപ്പുകാലത്തില്ല എന്ന പ്രത്യേകതയും ഉണ്ട്. പക്ഷേ, തുടര്‍ച്ചയായി എട്ട് വര്‍ഷമായി അധികാരത്തിരിക്കുന്ന സംസ്ഥാന സര്‍ക്കാരിനോടും അതിനെ നയിക്കുന്ന സിപിഎമ്മിനോടും ജനങ്ങള്‍ക്കുള്ള നിലപാട് എന്തായിരിക്കും എന്നത് നിര്‍ണായകമാണ്. ക്ഷേമപെന്‍ഷന്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഏത് രീതിയില്‍ ആയിരിക്കും വോട്ടിനെ ബാധിക്കുക എന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്. അതുപോലെ തന്നെയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ അടുത്തകാലത്തായി ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളും.


Read Also: ഇന്ത്യ' മുന്നണിയ്ക്ക് വന്‍ തിരിച്ചടി; ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി


കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരണം എന്നത അസാധ്യമെന്ന് തോന്നിയ ഘട്ടത്തില്‍, കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത് അന്ന് വലിയ വിവാദമായിരുന്നു. പാർലമെന്റിലോ മണ്ഡലത്തിലോ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് അവകാശപ്പെടാവുന്ന എംപിമാർ കോൺഗ്രസിൽ കാര്യമായില്ല എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. എന്തായാലും നിലവിലെ സാഹചര്യത്തില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് നില്‍ക്കാതെ സിറ്റിങ് എംപിമാരെ തന്നെ മത്സരിപ്പിക്കാന്‍ ആയിരിക്കും കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ ഏത് വിധേനയും പരമാവധി സീറ്റുകള്‍ ഉറപ്പിക്കാന്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ ആയിരിക്കും സിപിഎം രംഗത്തിറക്കുക. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന മുതിർന്ന നേതാക്കളും പരാജയപ്പെട്ട നേതാക്കളും എല്ലാം പരിഗണനയിൽ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. തോമസ് ഐസക്, ശൈലജ ടീച്ചർ, എകെ ബാലൻ, എം സ്വരാജ് എന്നിവരുടെ പേരുകൾ സജീവമായി ഉയർന്നുകേൾക്കുന്നുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.