തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ നേട്ടമായത് യുഡിഎഫിന്. ലോക് സഭാ തിരഞ്ഞെടുപ്പില്‍ അത് തെളിയിച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ 121 നിയമസഭാ സീറ്റുകളിലാണ് യുഡിഎഫ് മുന്നിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റില്‍ വിജയിച്ച ഇടതുപക്ഷത്തിന് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ മാത്രമാണ് മുന്നിലെത്താനായത്.


10 സീറ്റുകളില്‍ ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടിയ യുഡിഎഫിന് നഷ്ടമായത് ആലപ്പുഴ മാത്രം. ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തതാണ് കോണ്‍ഗ്രസിന്‍റെ ഈ അട്ടിമറി വിജയത്തിന്‍റെ രഹസ്യം. 


സുവര്‍ണാവസരം പ്രതീക്ഷിച്ച ബിജെപിക്ക് കേരളത്തില്‍ ആകെ മുന്നിലെത്താനായത് നേമം മണ്ഡലത്തില്‍ മാത്രമാണ്. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ശബരിമല വിഷയത്തില്‍ യു.ഡി.എഫ് നയത്തിന്‍റെ വിജയമായി എന്ന കാര്യത്തില്‍ സംശയമില്ല. 


ഇടതുപക്ഷാഭിമുഖ്യ വോട്ടുകള്‍ വരെ യു.ഡി.എഫിന് ലഭിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് രണ്ടു കൈയും നീട്ടി സ്വീകരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് മറന്ന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ കാരണമായി.


ഇടുക്കി, തൃശൂര്‍, വയനാട്, പൊന്നാനി, മലപ്പുറം, എറണാകുളം, ആലത്തൂര്‍, കൊല്ലം, ചാലക്കുടി, മാവേലിക്കര, കോഴിക്കോട് എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലെത്തി. 


പത്തനംതിട്ടയിലും, കോട്ടയത്തും, തിരുവനന്തപുരത്തും, ആറ്റിങ്ങലിലും, വടകരയിലും ഓരോ നിയമസഭാ സീറ്റില്‍ മാത്രമാണ് യുഡിഎഫ് പിന്നാക്കം പോയത്.


കാസര്‍ഗോഡ് ഏഴില്‍ നാലിടത്തും മുന്നിലെത്തിയിട്ടും ഉണ്ണിത്താന്‍ വിജയിക്കാന്‍ കാരണം മഞ്ചേശ്വരത്തും കാസര്‍ഗോട്ടും സതീഷ് ചന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതുകൊണ്ടാണ്. 


കണ്ണൂരില്‍ ധര്‍മ്മടവും മട്ടന്നൂരും ഒഴികെ എല്ലായിടത്തും സുധാകരന്‍ മുന്നിലെത്തി. സിപിഎം ആകെ ജയിച്ച ആലപ്പുഴയില്‍ പോലും നാലിടത്ത് മുന്നിലെത്തിയത് ഷാനിമോള്‍ ഉസ്മാനാണ്.


പത്തനംതിട്ടയില്‍ അടൂര്‍ നിയമസഭാ സീറ്റില്‍ മുന്നിലെത്താനായത് മാത്രമാണ് എല്‍ഡിഎഫിന് ആശ്വസിക്കാനുള്ളത്. ഇന്ത്യയില്‍ തന്നെ ഇടതുപക്ഷം അഞ്ച് സീറ്റിലേക്ക് ഒതുങ്ങി.