പുതിയ തലമുറയിലെ ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ക്രെഡിറ്റ് കാര്‍ഡുകള്‍ ആയിരിക്കും. പല കാര്‍ഡുകളും തള്ളിക്കളയാനാവാത്ത ഓഫറുകള്‍ കൂടി നല്‍കുമ്പോള്‍ ഉപയോഗിക്കാതിരിക്കുന്നതെങ്ങനെ എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. എന്നാല്‍ എല്ലാ സാമ്പത്തികാവശ്യങ്ങള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാമോ? അങ്ങനെ ചെയ്താല്‍ എന്തൊക്കെ വെല്ലുവിളികള്‍ നേരിടേണ്ടി വരും? ഇക്കാര്യങ്ങളെ കുറിച്ചെല്ലാം സാമാന്യ ബോധം ഉണ്ടായിരിക്കേണ്ടത് അ്ത്യാവശ്യമാണ്. കൃത്യമായ തിരിച്ചടവ് സാധ്യമാക്കാനാകും എന്ന് ഉറപ്പുണ്ടെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഏറെ ലാഭകരമാണെന്ന് കൂടി ഇതോടൊപ്പം ചേർത്ത് വായിക്കണം.
കൈയ്യില്‍ പണമില്ലാത്ത സമയത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതില്‍ വലിയ തെറ്റൊന്നും പറയാന്‍ കഴിയില്ല. 40 മുതല്‍ 50 ദിവസം വരെയൊക്കെ പലിശരഹിതമായി പണം ചെലവഴിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി സാധ്യമാകും. എന്നാല്‍ കൃത്യ സമയത്ത് പണം തിരിച്ചടച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സാമ്പത്തിക നഷ്ടം മാത്രമല്ല, അത് ക്രെഡിറ്റ് സ്‌കോറിനേയും വലിയതോതില്‍ ബാധിക്കും.
അടിയന്തര ഫണ്ട് (എമര്‍ജന്‍സി ഫണ്ട്) എന്നത് ഏവരും സൂക്ഷിച്ചുവയ്‌ക്കേണ്ട ഒരു കാര്യമാണ്. ഒരു ആറ് മാസത്തേക്കുള്ള മൊത്തം അടിസ്ഥാന ചെലവുകളും വഹിക്കാന്‍ ഉതകുന്ന ഒരു തുക എപ്പോഴും മാറ്റിവയ്ക്കണം എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. എന്തെങ്കിലും അടിയന്തര സാഹചര്യം വന്നാല്‍ ഈ പണം ഉപയോഗിക്കാനും സാധിക്കും. എന്നാല്‍ ഒന്നോ രണ്ടോ മാസം കൊണ്ടോ അല്ലെങ്കില്‍ വര്‍ഷം കൊണ്ടോ സാധ്യമാകുന്ന ഒന്നല്ല ഇത്. കൃത്യമായ പ്ലാനും ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ മാത്രമേ ഇങ്ങനെ ഒരു എമര്‍ജന്‍സി ഫണ്ട് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കു.
പുതിയ തലമുറയിലെ പലരും എമര്‍ജന്‍സി ഫണ്ട് എന്ന സങ്കല്‍പത്തെ അത്ര ഗൗരവത്തില്‍ എടുക്കുന്നില്ല എന്നാണ് പലരും വിലയിരുത്തുന്നത്. എമര്‍ജന്‍സി ഫണ്ടിന് പകരമായി അവര്‍ കണക്കാക്കുന്നത് ക്രെഡിറ്റ് കാര്‍ഡുകളെയാണ്. നിങ്ങളും അത്തരത്തില്‍ ക്രെഡിറ്റ് കാര്‍ഡിനെ എമര്‍ജന്‍സി ഫണ്ടിന് പകരക്കാരനായി കാണുന്നുണ്ടെങ്കില്‍ ശരിക്കും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ, വലിയ വില നല്‍കേണ്ടി വന്നേക്കാം.
ചെറിയ തുകകള്‍ ഒക്കെ ആണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇത്തരത്തില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അടിയന്തരമായി ലക്ഷങ്ങള്‍ ചെലവാക്കേണ്ടി വരുമ്പോള്‍ ക്രെഡിറ്റ് ഉപയോഗിക്കുക എന്നത് അത്ര നല്ലതാവില്ല. കാലാവധിയ്ക്കുള്ളില്‍ അടച്ചുതീര്‍ക്കാന്‍ ശേഷിയോ, മാര്‍ഗ്ഗമോ ഉള്ളവരുടെ കാര്യമല്ല പറയുന്നത്. അല്ലാത്തവരെ കുറിച്ചാണ്.
അടിയന്തിരമായി രണ്ട് ലക്ഷം രൂപ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെലവഴിച്ചു എന്ന് വിചാരിക്കുക. 30 മുതല്‍ 50 ദിവസം വരെയൊക്കെ നിങ്ങള്‍ക്ക് പലിശയില്ലാത്ത തിരിച്ചടവ് കാലാവധി ലഭിക്കും. എന്നാല്‍ അത് കഴിഞ്ഞാല്‍ എന്ത് സംഭവിക്കും എന്നതാണ് പ്രധാനം. സാധാരണ ബാങ്ക് വായ്പകള്‍ക്കുള്ളതുപോലെ അല്ല ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണമെടുക്കുമ്പോള്‍ ഉള്ള പലിശ. കൃത്യസമയത്ത് പണം അടച്ചില്ലെങ്കില്‍ കൊള്ളപ്പലിശ ആയിരിക്കും നല്‍കേണ്ടി വരിക.
പ്രതിവര്‍ഷം നാല്‍പത് ശതമാനം വരെയൊക്കെയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ പലിശ ഈടാക്കുന്നത്. പ്രതിമാസം മൂന്ന് മുതല്‍ നാല് ശതമാനം വരേയും പലിശ ഈടാക്കാറുണ്ട്. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് എടുത്ത പണം പൂര്‍ണമായും തിരിച്ചടയ്ക്കുന്നതുവരെ ഇത് നല്‍കിക്കൊണ്ടേയിരിക്കണം. എന്തെങ്കിലും കാരണവശാല്‍ തിരിച്ചടവ് മുടങ്ങിയാല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനേയും ബാധിക്കും. പിന്നീട് സാധാരണ ബാങ്ക് വായ്പകള്‍ പോലും ലഭിക്കാന്‍ ബുദ്ധിമുട്ടാകുന്ന സാഹചര്യം വരും.
ഇങ്ങനെയുള്ള പ്രതിസന്ധികള്‍ നേരിടാനുള്ള അവസരം ഉണ്ടാകാതിരിക്കാനാണ് എമര്‍ജന്‍സി ഫണ്ട് എന്നത് ഒരു അടിസ്ഥാന കാര്യമാണെന്ന് പറയുന്നത്. നിങ്ങള്‍ കരിയറിന്റെ തുടക്കത്തിലാണെങ്കില്‍, ഒരു ചെറിയ തുക എല്ലാ മാസവും ഇതിനായി മാറ്റിവയ്ക്കുക. ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പാക്കിക്കഴിഞ്ഞാല്‍ അടുത്തതായി ചെയ്യേണ്ടത് എമര്‍ജന്‍സി ഫണ്ട് ഉറപ്പാക്കാനുള്ള പരിപാടികള്‍ തുടങ്ങുക എന്നതാണ്. നിക്ഷേപങ്ങള്‍ക്ക് പിറകേ പോകുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ലെങ്കിലും, അതിന് മുമ്പായി എമര്‍ജന്‍സി ഫണ്ട് എന്ന അടിത്തറ ഒരുക്കിവച്ചിട്ടുണ്ടാകണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy