കൊച്ചി: സുപ്രീംകോടതി പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ട മരട് ഫ്ലാറ്റില്‍ നിന്നും താമസക്കാര്‍ ഒഴിഞ്ഞു തുടങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്ലാറ്റ് ഉടമകള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശമനുസരിച്ച് ഈ മാസം മൂന്നിനകം എല്ലാവരും ഒഴിയണമെന്നാണ്. എന്നാല്‍ മാറിത്താമസിക്കാന്‍ ജില്ലാ ഭരണകൂടം നല്‍കിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്നാണ് ഫ്ലാറ്റ് ഉടമകളുടെ പരാതി. 


അതിനിടയില്‍ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നത് വാടകക്കാര്‍ മാത്രമാണ് എന്ന റിപ്പോര്‍ട്ടും ഉണ്ട്. പുനരധിവാസത്തിലെ ആശയക്കുഴപ്പം തീര്‍ക്കണമെന്നും അതിനുശേഷമേ മാറിപോകുകയുള്ളൂവെന്നുമാണ് ഉടമകളുടെ നിലപാട്.


കഴിഞ്ഞ ദിവസം ഫ്ലാറ്റിലെത്തി ഉടമകളുമായി സംസാരിച്ച സബ് കള്കടർ സ്നേഹിൽ കുമാർ സിംഗ് മാറിത്താമസിക്കാനുള്ള ഫ്ലാറ്റുകളുടെ പുതിയ പട്ടിക തയ്യാറാക്കാൻ തഹസിൽദാറിന് നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം പുതിയ പട്ടിക നഗരസഭ ഉടൻ ഫ്ലാറ്റ് ഉടമകൾക്ക് നൽകുമെന്നും സൂചനയുണ്ട്.


മരടിലെ താമസക്കാര്‍ക്കായി സർക്കാർ ഒരുക്കിയ 521 ഫ്ലാറ്റുകളില്‍ പലതിലും ഒഴിവില്ലയെന്നാണ് ഉടമകളുടെ ആരോപണം. ഇതിന് എന്തു പരിഹാരമാണ് സര്‍ക്കാര്‍ കാണുന്നതെന്ന് കാത്തിരുന്നു കാണാം.