തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ച്‌ വിട്ട് ഹര്‍ത്താല്‍ അനുഭാവികള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി പ്രവര്‍ത്തകരുടെ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതും ദൃശ്യങ്ങള്‍ എടുക്കുന്നതിലും അമര്‍ഷം പൂണ്ടാണ് അക്രമികള്‍ മാധ്യമപ്രവര്‍ത്തകരെ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ ആക്രമിച്ചത്. അതേസമയം, മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച്‌ ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയുടെ വാര്‍ത്താ സമ്മേളനം അടക്കമുളള പരിപാടികള്‍ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്ക്കരിച്ചു.


മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ തീരുമാന പ്രകാരമാണ് ബിജെപി പരിപാടികള്‍ ബഹിഷ്‌കരിച്ചിരിക്കുന്നത്. കോഴിക്കോട് അടക്കമുളള ജില്ലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വിളിച്ച്‌ ചേര്‍ക്കുന്ന പത്രസമ്മേളനം ഉള്‍പ്പെടെ ബഹിഷ്‌കരിക്കാനാണ് മാധ്യമ പ്രവര്‍ത്തകര്‍ തീരുമാനമെടുത്തിരിക്കുന്നത്. കോഴിക്കോട് കെ സുരേന്ദ്രന്‍റെ പത്ര സമ്മേളനം മാധ്യമങ്ങള്‍ കൂട്ടായി ബഹിഷ്കരിച്ചു. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് വാര്‍ത്താ സമ്മേളനത്തിനായി കോട്ടയം പ്രസ് ക്ലബ് വിട്ടു നല്‍കിയില്ല.


നിരവധി ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇന്നലെയും ഇന്നും മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച്‌ ബിജെപിക്കാര്‍ ആക്രമിക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്. എന്നാല്‍ അണികളാണ് ആക്രമണം നടത്തുന്നത് എന്നും തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നുമാണ് ബിജെപി നേതാക്കള്‍ പറയുന്നത്. തുടര്‍ന്നാണ് വാര്‍ത്തകള്‍ ബഹിഷ്‌കരിക്കാനുളള തീരുമാനം.


സംസ്ഥാനവ്യാപകമായി ശബരിമലയുടെ പേരില്‍ ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ സംഘപരിവാര്‍ സംഘടനകള്‍, മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞ് ആക്രമിക്കുന്നതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ. ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അക്കാര്യവും വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


മാധ്യമങ്ങള്‍ക്ക് എതിരെയുളള ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ ഇന്റലിജെന്‍സ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.