ബീമാപ്പള്ളി മുതൽ വാവര് പള്ളിവരെ...! മതമൈത്രിയുടെ സന്ദേശവുമായി ഗോപാലകൃഷ്ണൻ; നിർമ്മിച്ചത് നൂറിലധികം മുസ്ലീം പള്ളികൾ
1962 ല്‍ തിരുവനന്തപുരം പാളയം ജുമാമസ്ജിദിന്റെ നിര്‍മാണക്കരാര്‍ ഗോപാലകൃഷ്ണൻ്റെ പിതാവ് ഗോവിന്ദന്‍ ഏറ്റെടുത്തതോടെയാണ് ഇദ്ദേഹം ഈ രംഗത്തേക്ക് കടന്നുവരുന്നത്.
തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ പള്ളികൾ നിർമ്മിച്ച ഒരു 89കാരൻ തലസ്ഥാന നഗരത്തിലുണ്ട്. തിരുവനന്തപുരം ബീമാപ്പള്ളിയും പാളയം ജുമാമസ്ജിദും എരുമേലിയിലെ വാവര് പള്ളിയുമടക്കമുള്ള കേരളത്തിലെ പള്ളികളുടെ നിർമ്മാണത്തിന് മുഖ്യപങ്കുവഹിച്ച ഗോപാലകൃഷ്ണൻ തന്നെയാണ് ഇവയുടെയെല്ലാം വാസ്തുശില്പി. ശിഷ്ടകാലം വിശ്രമത്തിൽ കഴിയുകയാണ് ഇദ്ദേഹം.
17 വർഷം കൊണ്ടാണ് അനന്തപുരിയുടെ സ്വന്തം ഗോപാലകൃഷ്ണൻ തിരുവനന്തപുരത്തെ ബീമാപള്ളി നിർമ്മിച്ചത്. 29ാം വയസിലാണ് അദ്ദേഹം അതിന്റെ നിർമാണം ഏറ്റെടുക്കുന്നത്. 1996ൽ ആണിത്. പള്ളിയിൽ ലഭിക്കുന്ന വിവിധ നേർച്ചകളിൽ നിന്നുള്ള വരുമാനം മാത്രം ഉപയോഗിച്ചായിരുന്നു നിർമ്മാണം. പ്രൗഢിയോടെയും ശോഭയോടെയും തലസ്ഥാനത്തിൻ്റെ തലപ്പൊക്കമായി ഉയർന്നു നിൽക്കുന്ന ബീമാപള്ളിക്ക് 132 അടിയോളം ഉയരമുണ്ട്.
കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളില്‍ പ്രധാനമാണ് തിരുവനന്തപുരത്തെ ബീമാപള്ളി. തലസ്ഥാനത്ത് നിന്ന് ആറ് കീലോമീറ്റർ ചുറ്റളവിൽ വിശ്വാസികൾക്ക് ഓടിയെത്താനാകുന്ന തീർഥാടനകേന്ദ്രം. അന്ത്യപ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയില്‍പെട്ട ബീമാബീവി, മകന്‍ ശൈയ്ഖ് സെയ്യിദ് ശഹീദ് മാഹീന്‍ അബൂബക്കര്‍ എന്നിവരുടെ ഖബറുകളാണ് ബീമാപള്ളിയിലുള്ളത്. ബീമാ ബീവിയുടെ പേരില്‍ നിന്നാണ് ബീമാപള്ളി എന്ന പേര് വന്നത്.
ആതുര സേവനവും മതപ്രബോധനവുമായി കേരളം മുഴുവന്‍ ചുറ്റിയ ഇവര്‍ ഒടുവില്‍ തിരുവനന്തപുരത്തെ തിരുവല്ലത്തെത്തി സ്ഥിരതാമസമാക്കി. ബീമാബീവിയുടെയും മകന്റെയും സ്വാധീനത്തില്‍ നിരവധി പേര്‍ ഇസ്ലാം മതം സ്വീകരിച്ചു. ഇരുവരും പ്രശസ്തരായ വൈദ്യ ശ്രേഷ്ഠരുമായിരുന്നു. പിന്നീട്, ഇസ്ലാമിലേക്കുള്ള മതം മാറ്റം രാജകുടുംബത്തെ അസ്വസ്ഥതപ്പെടുത്തുകയും മാഹീനെയും കൂട്ടാളികളെയും ഗൂഢാലോചനയിലൂടെ കൊലപ്പെടുത്തുകയുമായിരുന്നു. മകന്‍ മരിച്ച് ദിവസങ്ങള്‍ക്കകം ബീമാബീവിയും മരിച്ചുവെന്നാണ് ബീമാപ്പള്ളിയുമായി ബന്ധപ്പെട്ട ചരിത്രത്തിൽ പറയുന്നത്.
1962 ല്‍ തിരുവനന്തപുരം പാളയം ജുമാമസ്ജിദിന്റെ നിര്‍മാണക്കരാര്‍ ഗോപാലകൃഷ്ണൻ്റെ പിതാവ് ഗോവിന്ദന്‍ ഏറ്റെടുത്തതോടെയാണ് ഇദ്ദേഹം ഈ രംഗത്തേക്ക് കടന്നുവരുന്നത്. ബീമാപള്ളി മാത്രമല്ല ഗോപാലകൃഷ്ണൻ്റെ കരവിരുതിൽ ഉയർന്നിട്ടുള്ളത്. കേരളത്തിലെ പല പ്രശസ്തമായ മുസ്ലിം, ക്രിസ്ത്യൻ പള്ളികളുടെ നിർമ്മാണത്തിലും ഇദ്ദേഹത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
ബീമാപള്ളിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുമ്പോൾ ഗോപാലകൃഷ്ണന് ശക്തമായ നിലപാടുണ്ട്. ''ഹ്രസ്വകാലത്തേക്ക് മാത്രം ഭൂമിയിലേക്കയക്കുന്ന മനുഷ്യൻ തന്നാലാകും വിധം ഭൂമിയുടെ ശോഭ വർധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. മതങ്ങളുടെ അടിസ്ഥാനതത്വം സ്നേഹം മാത്രമാണെന്നും ഗോപാലകൃഷ്ണൻ ഓർമ്മപ്പെടുത്തുന്നു''. പള്ളികളുടെ വാസ്തുശില്പിയാക്കി ഗോപാലകൃഷ്ണനെ മാറ്റിയ ബീമാപള്ളി ഇദ്ദേഹം നിർമ്മിച്ചിട്ട് കാൽനൂറ്റാണ്ട് പിന്നിടുകയാണ്.
തിരുവനന്തപുരം കടുവയില്‍ പള്ളി, പത്തനംതിട്ട എരുമേലി വാവര് പള്ളി ഉള്‍പ്പെടെയുള്ള 111 മസ്ജിദുകളും നാല് ക്രിസ്ത്യന്‍ പള്ളികളും ഒരു ക്ഷേത്രവും ഗോപാലകൃഷ്ണൻ നിര്‍മിച്ചിട്ടുണ്ട്. തിരുവനന്തപുരം കടുവയില്‍ പള്ളിയും ചന്ദനപ്പള്ളിയും കരുനാഗപ്പള്ളിയിലെ താജ്മഹല്‍ മാതൃകയിലുള്ള കൂറ്റന്‍ പള്ളിയുമടക്കം പണിതതോടെ ഗോപാലകൃഷ്ണന്‍ പള്ളി പണിയുന്ന കൃഷ്ണനായി അറിയപ്പെടാൻ തുടങ്ങി. രണ്ടുവര്‍ഷം മുമ്പ് പണിത ആറാട്ടുപുഴ പള്ളിയായിരുന്നു ഇദ്ദേഹം നിർമ്മിച്ച അവസാനത്തെ പള്ളി.
എഞ്ചിനീയറിംഗ് കോഴ്സൊന്നും ചെയ്തിട്ടില്ലാത്ത ഗോപാലകൃഷ്ണന് ആത്മവിശ്വാസവും മതമൈത്രിയിൽ വിശ്വസിക്കലും ഓരോ പള്ളികളുടെ നിർമ്മാണത്തിലും ലഭിക്കുന്ന ധൈര്യവും മാത്രമാണ് ഈ രംഗത്തുള്ള കൈമുതൽ.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വീട്ടിൽ വിശ്രമ ജീവിതത്തിലാണ് ഗോപാലകൃഷ്ണൻ."ഈശ്വരൻ്റെ സമ്മാന''മെന്നാണ് ഗോപാലകൃഷ്ണൻ തൻ്റെ ഭവനത്തിന് പോലും പേര് നൽകിയിട്ടുള്ളത്. ഇത്ര നാളത്തെ അനുഭവം ഒരു പുസ്തകമാക്കി മാറ്റാനും ആലോചിക്കുന്നുണ്ട്. 'ഞാൻ കണ്ട ഖുർആനെന്ന' പേരിലുള്ള പുസ്തകത്തിൻ്റെ പണിപ്പുരയിലാണ് ഇദ്ദേഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...