COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൂടാതെ കേസില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍റെ  മൊഴിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ കേസില്‍ വെള്ളാപ്പള്ളിക്കെതിരേ വിഎസ് കോടതിയെ സമീപിച്ചിരുന്നു. 


കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി പരിഗണിക്കവെ അന്വേഷണം ശരിയായ രീതിയില്‍ നടത്തിയിട്ടില്ലെന്നും കേസ് ഫയൽ പരിശോധിച്ചതിൽ പുതിയ തെളിവുകൾ ഒന്നും കാണുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 


കേസിന്‍റെ അടിസ്ഥാന വിവരങ്ങള്‍പോലും അന്വേഷണ ഉദ്യോഗസ്ഥന് അറിയില്ലെന്ന് വിമര്‍ശിച്ച കോടതി ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. അതിനാല്‍ സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ഹൈക്കോടതിയിൽ ഹാജരായത്. 


അന്വേഷണത്തിനായി പുതിയ സംഘം രൂപീകരിച്ചതായി ഡിജിപി അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസത്തെ സമയം കൂടി ഹൈക്കോടതി അനുവദിച്ചു. 


വെളളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ കോടതിയില്‍ ആവശ്യമായ രേഖകൾ നൽകുകയും അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്ന്‍ ഉറപ്പ് നല്‍കുകയും ചെയ്തു. 


എസ്.എന്‍.ഡി.പി യോഗത്തിനു കീഴിലെ സ്വാശ്രയസംഘങ്ങള്‍ക്ക് വിതരണംചെയ്യാന്‍ പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടി വായ്പയില്‍ ക്രമക്കേട് നടന്നെന്നാണ് കേസ്.


പിന്നോക്ക വികസന കോര്‍പറേഷന്‍റെ നിബന്ധനപ്രകാരം 5% പലിശയ്ക്ക് സംഘങ്ങള്‍ക്ക് നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം വരെ പലിശക്ക് വിതരണം ചെയ്തുവെന്ന് ആരോപിച്ചാണ് വെള്ളാപ്പള്ളിയെ പ്രതിയാക്കിയത്. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്.